സി.എം.ആർ.എൽ - എക്സാലോജിക് ഇടപാട്: ഇ.ഡി അന്വേഷണം തുടരാം

Wednesday 27 May 2026 12:45 AM IST

കൊച്ചി: കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അയച്ച സമൻസുകളെ ചോദ്യം ചെയ്ത് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡും (സി.എം.ആർ.എൽ) കമ്പനിയുടെ ഉദ്യോഗസ്ഥരും നൽകിയ ഹർജി ഹൈക്കോടതി തള്ളി.

വസ്തുതകൾ ബോധിപ്പിക്കാനും രേഖകൾ ഹാജരാക്കാനും മാത്രമാണ് ഇ.ഡിയുടെ സമൻസിൽ ആവശ്യപ്പെടുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതോടെ ഇ.ഡിക്ക് അന്വേഷണവുമായി മുന്നോട്ടുപോകാനാകും.

സി.എം.ആർ.എൽ കമ്പനി മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസിന്, ഇല്ലാത്ത സേവനത്തിന് 1.72 കോടി രൂപ നൽകിയെന്ന ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തലാണ് സമൻസിന് ആധാരം.

അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തിൽ അയയ്‌ക്കുന്ന സമൻസിനെതിരെ ഹർജി നൽകുന്നത് അകാലത്തിലുള്ള നടപടിയാണെന്ന് ജസ്റ്റിസ് ടി.ആ‌ർ. രവി വ്യക്തമാക്കി.

കമ്പനിക്ക് ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ഇളവുകൾ ലഭിച്ചിട്ടുള്ളതിനാൽ ഇ.ഡിയുടെ അന്വേഷണം നിലനിൽക്കില്ലെന്ന് ഹർജിക്കാർ വാദിച്ചിരുന്നു. ഇളവുകൾ കള്ളപ്പണക്കേസിലെ അന്വേഷണത്തിന് തടസമല്ലെന്ന് കോടതി വ്യക്തമാക്കി. പി.എം.എൽ.എ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ ആദായനികുതി സെറ്റിൽമെന്റ് ബോർഡിന്റെ പരിധിയിൽ വരുന്നതല്ല. അതിനാൽ ആദായനികുതി വകുപ്പിൽ നിന്ന് ലഭിച്ച ആനുകൂല്യം ഇ.ഡി നടപടികളിൽ നിന്ന് സംരക്ഷണം നൽകില്ല. ഇത്തരം കുറ്റകൃത്യങ്ങൾ എഫ്.ഐ.ആർ ഇല്ലാതെ അന്വേഷിക്കാൻ ഇ.ഡിക്ക് അധികാരമുണ്ടെന്നും കോടതി പറഞ്ഞു. ഹർജി പരിഗണനയിലിരിക്കെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ) അന്വേഷണം തുടങ്ങിയിരുന്നു. രണ്ട് കേന്ദ്ര ഏജൻസികൾ സമാന്തരമായി അന്വേഷണം നടത്തുന്നത് നിയമപരമല്ലെന്നായിരുന്നു ഹർജിക്കാരുടെ ഒരു വാദം. അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ ഈ വാദവും കോടതി അംഗീകരിച്ചില്ല.