നവീൻ ബാബു കേസ് : തുടരന്വേഷണ റിപ്പോർട്ടിൽ പുതിയ 13 സാക്ഷികൾ

Sunday 31 May 2026 12:22 AM IST

കണ്ണൂർ : എ.ഡി.എം നവീൻ ബാബു കേസിൽ കോടതിയിൽ സമർപ്പിച്ച തുടരന്വേഷണ റിപ്പോർട്ടിൽ പുതിയ 13 സാക്ഷികൾ കൂടി. ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരെയാണ് സാക്ഷിപ്പട്ടികയിൽ പുതുതായി ചേർത്തിരിക്കുന്നത്. എ.ഡി.എമ്മിന്റെ ക്വാർട്ടേഴ്‌സിന് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളുടെ പൂർണഭാഗവും ഹാജരാക്കി. ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പിക്കാൻ ശാസ്ത്രീയ പരിശോധന വേണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു.

നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയിലാണ് കണ്ണൂർ ടൗൺ പൊലീസ് തുടരന്വേഷണം നടത്തി വിചാരണക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. എ.ഡി.എം നവീൻ ബാബുവിനെതിരെ ഉയർന്ന പരാതിയിൽ വിജിലൻസ് ഉദ്യോഗസ്ഥരുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തി. പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിലെ 13 പിഴവുകൾ ചൂണ്ടിക്കാട്ടിയായിരുന്നു തുടരന്വേഷണം ആവശ്യപ്പെട്ട് മഞ്ജുഷ കോടതിയെ സമീപിച്ചത്.

അതേസമയം കേസ് നീട്ടിക്കൊണ്ടു പോകാനുള്ള നീക്കമാണ് നവീൻ ബാബുവിന്റെ കുടുംബം നടത്തുന്നതെന്ന് പ്രതിഭാഗം കുറ്റപ്പെടുത്തി. കഴിഞ്ഞ മേയ് 16 നാണ് ഹർജിയിൽ പറഞ്ഞ നാല് കാര്യങ്ങളിൽ തുടരന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടത്. ഗൂഢാലോചന, യാത്രഅയപ്പ് യോഗത്തിലെ വിവാദങ്ങൾ, സാമ്പത്തിക ഇടപാടുകൾ, ശാസ്ത്രീയ തെളിവുകൾ എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങൾ. ഇതിൽ നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച പ്രശാന്തന്റെ ബാങ്ക് വിവരങ്ങൾ പരിശോധിച്ചു. കൊയ്യം സർവീസ് സഹകരണ ബാങ്കിൽ സ്വർണം പണയംവച്ച്, പണം വായ്പ എടുത്തതിന്റെ രേഖകൾ റിപ്പോർട്ടിനൊപ്പമുണ്ട്. കേസിലെ ഏക പ്രതിയായ പി.പി.ദിവ്യ ഉപയോഗിച്ചിരുന്ന ഔദ്യോഗിക ഫോൺ നമ്പറിന്റെ വിവരങ്ങളും അന്വേഷണസംഘം ശേഖരിച്ചു. ദീർഘനാളത്തെ കോൾ രേഖകൾ നൽകുന്നതിലെ സാങ്കേതിക പ്രശ്‌നം ബി.എസ്.എൻ.എൽ അന്വേഷണസംഘത്തെ അറിയിച്ചിട്ടുണ്ട്. മുഴുവൻ സി.ഡി.ആർ രേഖകൾ ലഭിക്കുമോയെന്ന് കോടതി അന്വേഷണസംഘത്തോട് ആരാഞ്ഞിട്ടുണ്ട്.

റി​പ്പോർട്ട് പൂർണമല്ലെന്ന് കുടുംബം

കണ്ണൂർ എ.ഡി​.എമ്മായി​രുന്ന നവീൻ ബാബുവിന്റെ മരണത്തിലെ തുടരന്വേഷണ റി​പ്പോർട്ട് പൂർണമല്ലെന്ന് ഭാര്യ മഞ്ജുഷ. തലശേരി​ അഡി​ഷണൽ ജി​ല്ലാ സെഷൻസ് കോടതി നിർദ്ദേശ പ്രകാരം പ്രത്യേകസംഘമാണ് തുടർ അന്വേഷണം നടത്തി​യത്.

പൊലീസ് അന്വേഷണത്തി​ലെ 13 വീഴ്ചകൾ ചൂണ്ടി​ക്കാട്ടി​ തുടരന്വേഷണം വേണമെന്ന് മഞ്ജുഷ കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു. കണ്ണൂർ റേഞ്ച് ഡി​.ഐ.ജി​ ജി​.എച്ച്.യതീഷ് ചന്ദ്ര, സി​റ്റി​ പൊലീഷ് കമ്മി​ഷണർ പി​.നി​ധി​ൻരാജ് എന്നി​വരുടെ നേതൃത്വത്തി​ലുള്ള സംഘമാണ് അന്വേഷണം നടത്തി​യത്.

കേസി​ലെ ഏകപ്രതി പി.പി.ദിവ്യയുടെ ഫോൺ വിവരങ്ങൾ പൂർണമായി ശേഖരിച്ചി​ട്ടി​ല്ല. അഴി​മതി​ ആരോപണം ഉന്നയി​ച്ച പെട്രോൾ പമ്പ് ഉടമ പ്രശാന്തന്റെയും ജി​ല്ലാകളക്ടറുടെയും ഫോൺ സംഭാഷണങ്ങൾ, സിസി ടി.വി ദൃശ്യങ്ങളുടെ ആധികാരികത എന്നിവയും പൂർണമായി പരിശോധിച്ച് കോടതിക്ക് റിപ്പോർട്ട് നൽകിയിട്ടില്ലെന്ന് മഞ്ജുഷ പറഞ്ഞു. പുതിയ സർക്കാരിൽ വിശ്വാസമുണ്ട്. കൂടുതൽ അന്വേഷണം വേണമെന്ന ആവശ്യത്തി​ൽ കുടുംബം ഉറച്ചുനി​ൽക്കുകയാണ്.

2024 ഒക്ടോബർ 15ന് പുലർച്ചെയാണ് നവീൻ ബാബുവി​നെ ക്വാർട്ടേഴ്സി​ൽ തൂങ്ങി​മരി​ച്ചനി​ലയി​ൽ കണ്ടെത്തിയത്. മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മഞ്ജുഷ മക്കൾക്കും നവീനിന്റെ സഹോദരനുമൊപ്പം മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും നേരിൽക്കണ്ട് നിവേദനം നൽകിയി​രുന്നു