മദ്യപസംഘം സി.ഐയുടെ കൈവിരൽ തല്ലിയൊടിച്ചു

Sunday 31 May 2026 12:47 AM IST

കൊച്ചി: പ്രമുഖമാളിലെ സുരക്ഷാ ജീവനക്കാരായ അഞ്ചംഗസംഘം മദ്യലഹരിയിൽ ഇൻസ്പെക്ടറുടെ കൈവിരൽ തല്ലിയൊടിച്ചു. കീഴ്‌പ്പെടുത്താനുള്ള ശ്രമത്തിനിടെ എസ്.ഐ അടക്കം നാല് പൊലീസുകാരെയും കൈയേറ്റം ചെയ്തു. കൊച്ചി സിറ്റി ട്രാഫിക് ഈസ്റ്റ് ഇൻസ്പെക്ടർ ഉദയകുമാറിന്റെ വലതുകൈവിരലാണ് ഒടിഞ്ഞത്. കൺട്രോൾറൂം ഗ്രേഡ് എസ്.ഐ പി.കെ. ബിജു (50), തൃക്കാക്കര സ്റ്റേഷനിലെ എസ്.ഐ ബിജു ജോൺ ബാബുജി (30), സി.പി.ഒ ഷബിൻ എബ്രാഹിം (45), കൺട്രോൾറൂം ഡ്രൈവർ ഷമീർ (45) എന്നിവർക്ക് പരിക്കേറ്റു. വയനാട് സ്വദേശി അക്ഷയ് (25), കൊല്ലം സ്വദേശി ജിനീഷ് (38), തിരുവനന്തപുരം സ്വദേശികളായ അജ്മൽ (20), അൽത്താഫ് (21), നെന്മാറ സ്വദേശി ഷംസുദ്ദീൻ (36) എന്നിവരെ തൃക്കാക്കര പൊലീസ് അറസ്റ്റുചെയ്തു.

മരോട്ടിച്ചോടിന് സമീപം വാടകയ്ക്ക് താമസിക്കുന്ന അപ്പാർട്ട്‌മെന്റിൽ പ്രതികൾ വെള്ളി​യാഴ്ച അർദ്ധരാത്രി മദ്യപിച്ച് ബഹളമുണ്ടാക്കിയിരുന്നു. അപ്പാർട്ട്‌മെന്റിലെ കെയർടേക്കർ അറിയിച്ചതനുസരിച്ച് പൊലീസെത്തിയപ്പോൾ പ്രതികൾ വാഹനത്തിന് കല്ലെറിയുകയും ആക്രമിക്കുകയും ചെയ്തു.

സ്ഥിതി വഷളായതോടെ സബ് ഡിവിഷൻ നൈറ്റ് പട്രോളിംഗ് ഓഫീസർ ഉദയകുമാറിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസെത്തി. പൊലീസിനെ തടഞ്ഞുവച്ച പ്രതികൾ ഉദ്യോഗസ്ഥരുമായി വീണ്ടും വാക്കുതർക്കത്തിലായി. പിന്നാലെ അക്രമം അഴിച്ചുവിട്ടു. വടികൊണ്ടുള്ള അടിയേറ്റാണ് ഇൻസ്പെക്ടറുടെ കൈയ്ക്ക് പരിക്കേറ്റത്. ആക്രമണത്തിനുശേഷം അപ്പാർട്ട്‌മെന്റിനുള്ളിൽ കയറി വാതിലടച്ച പ്രതികളെ പൊലീസ് വാതിൽ പൊളിച്ചാണ് കസ്റ്റഡിയിലെടുത്തത്. കളമശേരി മെഡിക്കൽ കോളേജിൽ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി.

സ്റ്റേഷനിലും പ്രതികൾ അക്രമാസക്തരായതായി പൊലീസ് പറഞ്ഞു. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, മാരകമായി പരിക്കേൽപ്പിക്കൽ, പൊതുശല്യം തുടങ്ങിയ വകുപ്പുകൾ പ്രകാരം പ്രതികൾക്കെതിരെ കേസെടുത്തു. പരിക്കേറ്റ ഇൻസ്പെക്ടർ ചികിത്സയിലാണ്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.