ഇ.ഡി ഉദ്യോഗസ്ഥരെ പ്രതികൾ വധിക്കാൻ ശ്രമിച്ചു: കോടതി 5 പ്രതികൾക്ക് ജാമ്യമില്ല

Sunday 31 May 2026 1:36 AM IST

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലെ റെയ്ഡ് കഴിഞ്ഞിറങ്ങിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ആദ്യം അറസ്റ്റിലായ അഞ്ചു പ്രതികളുടെ ജാമ്യാപേക്ഷ ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി.

സംഘടിത രാഷ്ട്രീയ ആക്രമണമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതികളുടെ പ്രവൃത്തികളിൽ നിന്ന് ഇ.ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനുള്ള ഉദ്ദേശ്യം ഉണ്ടായിരുന്നെന്ന് നിസംശയം മനസിലാക്കാം. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണം. അത് സമൂഹത്തിൽ വലിയ ചലനം സൃഷ്ടിച്ചു. സമൂഹം പ്രതികളുടെ പ്രവൃത്തികൾ ദൃശ്യമാദ്ധ്യമങ്ങളിലൂടെ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. പൊതുസമൂഹത്തിന് നിയമത്തിലും കോടതിയിലുമുളള വിശ്വാസം സംരക്ഷിക്കേണ്ട ഉത്തരവാദിത്തം കോടതിക്കുണ്ടെന്നും മജിസ്‌ട്രേറ്റ് റ്റാനിയ മറിയം ജോസ് പറഞ്ഞു. പ്രതികൾക്ക് ഇപ്പോൾ ജാമ്യം നൽകിയാൽ അത് തുടർന്നുളള പ്രതിഷേധക്കാർക്ക് കുറ്റകൃത്യത്തിനുള്ള പ്രചോദനമാവുമെന്നും കോടതി പറഞ്ഞു.

വാഴോട്ടുകോണം തോപ്പ് മുക്ക് എം.വി.ആർ-49-ൽ ആർ. നിധിൻരാജ്, വിളപ്പിൽശാല ബി.പി.നഗർ എസ്.എം.എസ് ഭവനിൽ എം.മനോജ്, വഞ്ചിയൂർ മിത്രനികേതൻ ഹോസ്റ്റലിന് സമീപം ജെ.ജീവൻ, പാറ്റൂർ സമദ് ഹോസ്പിറ്റലിന് സമീപം എ.ഷാഹിൻ, പള്ളിച്ചൽ നരുവാംമൂട് തൈവിളാകം സ്വദേശി ആർ.ശ്രീജിത്ത് എന്നിവരുടെ ജാമ്യഹർജിയാണ് കോടതി തള്ളിയത്. പ്രോസിക്യൂഷന് വേണ്ടി കല്ലംപളളി മനു ഹാജരായി. ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച് കൊലപ്പെടുത്താനും അവരുടെ ജോലി തടസ്സപ്പെടുത്താനും ശ്രമിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്.

പിടിയിലായത്

25 പ്രതികൾ

ഇ. ഡി ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ച കേസിൽ ഇതുവരെ 25 പ്രതികൾ അറസ്റ്റിലായിട്ടുണ്ട്. ആറ്റുകാൽ മുൻ കൗൺസിലർ ഉണ്ണികൃഷ്ണൻ അടക്കമുള്ളവരാണ് അറസ്റ്റിലായത്. അറസ്റ്റ് തുടരുമെന്ന് സിറ്റി പൊലിസ് അറിയിച്ചു. പ്രതികൾക്ക് ഉടൻ കുറ്റപത്രം നൽകാൻ ഡി. ജി. പിക്ക് ആഭ്യന്തര വകുപ്പ് നിർദ്ദേശം നൽകി. 300പേർക്കെതിരെയാണ് കേസ്.