പദ്മനാഭസ്വാമി ക്ഷേത്ര മോഷണം ആഭ്യന്തരമന്ത്രിയുമായി ആലോചിച്ച് അന്വേഷണമെന്ന് കെ. മുരളീധരൻ

Sunday 31 May 2026 1:42 AM IST

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ സ്വർണവും വജ്രവുമുൾപ്പെടെ അമൂല്യ വസ്തുക്കൾ നഷ്ടപ്പെട്ടെന്ന റിപ്പോർട്ടിൽ ആഭ്യന്തരമന്ത്രിയുമായി കൂടിയാലോചിച്ച് അന്വേഷണം പ്രഖ്യാപിക്കുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ. സർക്കാർ കൂടുതൽ ഗൗരവത്തോടെ ചർച്ച ചെയ്യും.

ഒരു കാരണവശാലും ക്ഷേത്രസ്വത്ത് അപഹരിക്കാൻ വിടില്ല. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ റിപ്പോർട്ടിൻമേൽ അന്വേഷണം നടത്തും. ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ കണക്കുകളും സുതാര്യമായിരിക്കണം. കണക്കുകൾ ക്ഷേത്രം പുറത്തുവിട്ടില്ലെങ്കിൽ സർക്കാർ പുറത്തുവിടുമെന്നും മന്ത്രി മാദ്ധ്യമങ്ങളോടു പറഞ്ഞു.

ക്ഷേത്രത്തിൽ കഴിഞ്ഞ 6-7 മാസങ്ങൾക്കിടയിൽ വൈരനാമം, സ്വർണ വിളക്ക് ഉൾപ്പെടെ കാണാതായെന്നാണ് റിപ്പോർട്ട്. ഇതിന് കവടിയാർ കൊട്ടാരത്തിലെ മോഷണവുമായി പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

ശബരിമല അന്വേഷണം

തൃപ്തികരമല്ല

ശബരിമല വിഷയത്തിൽ നിലവിലെ അന്വേഷണത്തിൽ സർക്കാരിന് തൃപ്തിയില്ല. ഹൈക്കോടതി മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണമായതിനാൽ നിയമ വിദഗ്ദ്ധരുമായി കൂടിയാലോചിച്ച് ഇക്കാര്യത്തിൽ മുന്നോട്ട് നീങ്ങും.