ഭൂട്ടാൻ വാഹനക്കടത്ത്: മുഖ്യസൂത്രധാരന്റെ സഹായി പിടിയിൽ
കൊച്ചി: ഭൂട്ടാൻ വാഹനക്കടത്തിലെ മുഖ്യസൂത്രധാരൻ ബിശ്വദീപ് ദാസിന്റെ സഹായിയെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. ജയ്‌പൂർ സ്വദേശി യാഷാണ് 'ഓപ്പറേഷൻ നുംഖോറി"ലൂടെ വലയിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. വാഹനക്കടത്തിൽ ഇയാൾക്ക് നിർണായക പങ്കുണ്ടെന്ന് കസ്റ്റംസ് അറിയിച്ചു. ഫെബ്രുവരി 22നാണ് ബിശ്വദീപ് അറസ്റ്റിലായത്. ഇയാൾ നൽകിയ വിവരങ്ങളാണ് യാഷിന്റെ അറസ്റ്റിലേക്ക് വഴിതുറന്നത്. ഡൽഹി,ജയ്‌പൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് യാഷ് പ്രവർത്തിച്ചിരുന്നത്. വാഹനങ്ങൾ കണ്ടെത്തി,കടത്തുപദ്ധതികൾ ആസൂത്രണം ചെയ്യുക, അതിർത്തിയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്നിവയായിരുന്നു ചുമതല. കേരളത്തിലേക്ക് കടത്തിയ വാഹനങ്ങൾക്ക് പിന്നിലും, പുതിയ ഇടപാടുകാരെ ബിശ്വദീപിന് പരിചയപ്പെടുത്തിയിരുന്നതും യാഷ് ആണ്. ഈ മാസം ആദ്യം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 8എസ്.യു.വികൾ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. കേസിൽ കോഴിക്കോട്ടെ 'റോഡ്‌വേ കാഴ്‌സ്" പങ്കാളി സെയ്ൻ മർവയെ അറസ്റ്റുചെയ്തിരുന്നു. ബിശ്വദീപ് ഭൂട്ടാനിൽനിന്നെത്തിച്ച പല വാഹനങ്ങളും യാഷ് മുഖേന റോഡ്‌വേ കാഴ്‌സിനാണ് വിറ്റത്. അസാം സ്വദേശികളായ നാലുപേരെയും പശ്ചിമ ബംഗാൾ സ്വദേശിയായ ഒരാളെയും കസ്റ്റംസ് പിടികൂടിയിരുന്നു. ഷില്ലോംഗ് കസ്റ്റംസിന്റെ സഹായത്തോടെ അസാം ബോംഗായ്ഗാവിലെ ജില്ലാ ട്രാൻസ്‌പോർട്ട് ഓഫിസർ ദീപക് പാട്ടോവാരിയടക്കമാണ് അറസ്റ്റിലായത്. ലക്ഷദ്വീപിൽ രജിസ്റ്റർചെയ്ത വാഹനങ്ങളാണെന്ന് വ്യാജരേഖയുണ്ടാക്കി, വിദേശനിർമ്മിത ആഡംബരകാറുകൾ,ലോറികൾ,ഇന്ത്യയിൽനിന്ന് കയറ്റുമതി ചെയ്ത് നികുതിവെട്ടിച്ച് ഭൂട്ടാൻവഴി തിരികെയെത്തിച്ച വാഹനങ്ങൾ എന്നിവയാണ് ഇത്തരത്തിൽ രജിസ്റ്റർചെയ്തത്. കേരളത്തിൽനിന്നും കടത്തിയ 200വാഹനങ്ങളുടെ പട്ടിക കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റ് തയ്യാറാക്കിയിട്ടുണ്ട്. വാഹനക്കടത്തിനും വ്യാജരേഖരജിസ്‌ട്രേഷനും പിന്നിൽ ഒന്നിലധികം സംഘങ്ങൾ പ്രവർത്തിക്കുന്നതായാണ് സംശയം. കോയമ്പത്തൂർ,അസാം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള 2ശൃംഖലകളെ കസ്റ്റംസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പരിവാഹൻ വെബ്‌സൈറ്റിലെ ഡേറ്റ തിരുത്താൻ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ ഈ സംഘങ്ങളെ സഹായിച്ചതായും സൂചനയുണ്ട്.