കണ്ണൂർ,കാസർകോട് ജില്ലകളിൽ എൻ.ഐ.എ റെയ്ഡ്   ക്വാറിയുടമയുടെ വീട്ടിൽ നിന്ന് ജലാറ്റിൻ സ്റ്റിക്കുകൾ പിടികൂടി

Sunday 31 May 2026 1:52 AM IST

കാസർകോട്: മലപ്പുറം തിരുരങ്ങാടിയിൽ ജലാറ്റിൻ സ്റ്റിക്ക് പിടികൂടിയതുമായി ബന്ധപ്പെട്ട കേസിൽ കാസർകോട്,കണ്ണൂർ ജില്ലകളിലെ വിവിധയിടങ്ങളിൽ എൻ.ഐ.എ പരിശോധന നടത്തി. ചിറ്റാരിക്കാൽ കടുമേനിയിലെ മുൻ ക്വാറി ഉടമയായ സജിയുടെ വീട്ടിൽ നിന്ന് അഞ്ച് ജലാറ്റിൻ സ്റ്റിക്കുകൾ പിടിച്ചെടുത്തു. ഇതെ ക്വാറിയുടമയുടെ ചെറുപുഴയിലുള്ള ബന്ധുവിന്റെ വീട്ടിലും കേസിലെ മൂന്നാം പ്രതിയായ മുഹമ്മദ് സലീമിന്റെ കുമ്പള കട്ടത്തടുക്കയിലെ വാടക വീട്ടിലും എൻ.ഐ.എ പരിശോധന നടത്തി.

മലപ്പുറം തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ കാസർകോട് സ്വദേശിയുൾപ്പെടെ ഏഴ് പേരെയാണ് പ്രതികൾ. സ്ഫോടക വസ്തുക്കളുടെ ഉറവിടം,കൈമാറ്റ ശൃംഖല,മറ്റ് ബന്ധങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം. കേസിലെ ഒന്നാംപ്രതിയായ ഹാരിസിനായും അന്വേഷണം നടക്കുന്നുണ്ട്. മുഹമ്മദ് സലീമിന് സഹായം ചെയ്തു കൊടുത്തതാണ് സജിയ്ക്കെതിരെയുള്ള കുറ്റം. സജിയിൽ നിന്നാണ് സംഘം സ്‌ഫോടക വസ്തുക്കൾ സംഘം വാങ്ങിയത്. കേസിൽ കോഴിക്കോട് മുക്കം പന്നിക്കോട് ടി.പി.ഷെരീഫ് (35),കണ്ണൂർ ചെറുപുഴ സ്വദേശി അനിൽകുമാർ (51),കോഴിക്കോട് എരഞ്ഞിമാവ് സ്വദേശി നിസാർ (42),ഇർഷാദ് (28),മലപ്പുറം ചെമ്മാട് സ്വദേശി സി.ടി.ഖമറുദ്ദീൻ (40) എന്നിവരാണ് അറസ്റ്റിലായത്.