കോഴിക്കോട് മുൻ മേയർ ടി.പി ദാസന് അന്ത്യാഞ്ജലി; സംസ്കാരം ഇന്ന്
കോഴിക്കോട്: മുതിർന്ന സി.പി.എം നേതാവും കോഴിക്കോട് മുൻ മേയറുമായ ടി.പി ദാസൻ (76) അന്തരിച്ചു. കോഴിക്കോട് സഹകരണ ആശുപത്രിയിൽ വെള്ളിയാഴ്ച രാത്രി 11.30ഓടെയായിരുന്നു അന്ത്യം. രോഗബാധിതനായി അശോകപുരത്തെ വീട്ടിൽ വിശ്രമത്തിലായിരുന്നു. ഇന്ന് രാവിലെ 8 മുതൽ 9.30വരെ സി.പി.എം ജില്ലാക്കമ്മിറ്റി ഓഫീസിലും 10 മുതൽ 11വരെ ടൗൺഹാളിലും പൊതുദർശനത്തിന് ശേഷം മാവൂർ റോഡ് ശ്മശാനത്തിൽ സംസ്‌കരിക്കും.
1992-94 വരെ കോഴിക്കോട് മേയറായിരുന്നു. 1996-2001 വരെ നഗരാസൂത്രണ സ്ഥിരംസമിതി ചെയർമാനും എൽ.ഡി.എഫ് കൗൺസിൽ നേതാവുമായിരുന്നു. നിലവിൽ കോഴിക്കോട് ടൗൺ ഏരിയാ കമ്മിറ്റിയംഗമാണ്. ഏറെക്കാലം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നു.മികച്ച കായിക സംഘാടകൻ,കലാ സാംസ്‌കാരിക പ്രവർത്തകൻ തുടങ്ങിയ നിലകളിൽ ശ്രദ്ധേയനായിരുന്നു.ഡി.വൈ.എഫ്.ഐ. പ്രഥമ സംസ്ഥാന പ്രസിഡന്റും പിന്നീട് സംസ്ഥാന സെക്രട്ടറിയുമായി. കെ.എസ്.എഫ് ജില്ലാ സെക്രട്ടറിയും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായിരുന്നു. കാലിക്കറ്റ് കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക്, കേരള അർബൻ ബാങ്ക് ഫെഡറേഷൻ എന്നിവയുടെ ചെയർമാനുമായിരുന്നു.
1950 ജൂൺ ഒന്നിന് കൊയിലാണ്ടിയിലാണ് ജനിച്ചത്. ഫിസിക്കൽ എഡ്യുക്കേഷനിൽ ഡിപ്ലോമ നേടി കോഴിക്കോട് തളി ഗവ. യു.പി. സ്‌കൂളിൽ താത്കാലിക കായികാദ്ധ്യാപകനായി.1973ൽ അദ്ധ്യാപക സമരത്തിൽ പങ്കെടുത്ത് ജയിലിലായി, ജോലി നഷ്ടപ്പെട്ടു.സംസ്ഥാന സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റും വൈസ് പ്രസിഡന്റും ജില്ല വൈസ് പ്രസിഡന്റുമായിരുന്നു.
റിട്ട. കോ ഓപ്പറേറ്റീവ് ഡെപ്യൂട്ടി രജിസ്ട്രാറും കോഴിക്കോട് കോർപ്പറേഷൻ സ്ഥിരം സമിതി മുൻ അദ്ധ്യക്ഷയും സി.പി.എം ടൗൺ ലോക്കൽ കമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ടൗൺ ഏരിയാ കമ്മിറ്റിയംഗവുമായ ടി.വി ലളിതപ്രഭയാണ് ഭാര്യ. മക്കൾ:മിലി(ആർക്കിടെക്ട്,യു.എൽ.സി.സി.എസ്),മിനി(എച്ച്.ആർ ഓഫീസർ,കെൽട്രോൺ,തിരുവനന്തപുരം), മിഥുൻ(എൻജിനിയർ.യു.കെ). മരുമക്കൾ: ബൈജു(പ്രിന്റിംഗ് പ്രസ്, കോഴിക്കോട്), സജീഷ് (ചലച്ചിത്ര അക്കാഡമി ഡെപ്യൂട്ടി ഡയറക്ടർ,ചലച്ചിത്ര നിരൂപകൻ), നീതു(യു.കെ).