മന്ത്രിയാന്റിയെ തിരുത്തി ബിർണാണി ശങ്കു, ''ഞാൻ രാധാമണി ചേച്ചീടെ കൊച്ചുമോനല്ല! ''

Monday 01 June 2026 12:37 AM IST

ആലപ്പുഴ: ''പുതിയ മന്ത്രിയാന്റി പറയുവാ,​ ഞാൻ രാധാമണി ചേച്ചീടെ കൊച്ചുമോനാന്ന്...ഞാൻ രാധാമണി ചേച്ചീടെ കൊച്ചുമോനൊന്നുമല്ല. എന്റെ അപ്പാമ്മയുടെ പേര് ഓമനയെന്നും, അമ്മാമ്മയുടെ പേര് റീന തങ്കപ്പൻ എന്നുമാണ്...ഇത്രേയുള്ളു കാര്യം...''

അങ്കണവാടികളിൽ 'ബിർണാണി' (ബിരിയാണി) മെനു പരിഷ്കരണത്തിന് കാരണമായതിലൂടെ ശ്രദ്ധേയനായ പ്രയാർ വടക്ക് പുന്നക്കുഴിയിൽ സോമസുന്ദറിന്റെയും അശ്വതിയുടെയും മകൻ ശങ്കു എന്ന ത്രിജൽ എസ്.സുന്ദർ (5)​ മന്ത്രി ബിന്ദുകൃഷ്ണയെ തിരുത്തുന്ന വീഡിയോ തരംഗമായി.

കഴിഞ്ഞ ദിവസം,​ അങ്കണവാടികളിൽ ബിരിയാണി നൽകുന്നതിലുള്ള പ്രതിസന്ധികളെക്കുറിച്ച് വിശദീകരിക്കുന്നതിനിടെ മന്ത്രി ബിന്ദു കൃഷ്ണ ശങ്കുവിനെ പറ്റി പരാമർശിച്ചിരുന്നു. ശങ്കു ചവറയിലെ മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി രാധാമണി ചേച്ചീടെ കൊച്ചുമകനാണ് എന്നായിരുന്നു മന്ത്രിയുടെ പരാമർ‌ശം.

ദേവികുളങ്ങര പഞ്ചായത്തിലെ പ്രയാർ കിണർമുക്കിലെ ഒന്നാം നമ്പർ അങ്കണവാടിയിൽ പഠിച്ചിരുന്ന ശങ്കുവിന്റെ ‘അങ്കണവാടിയിൽ ബിർണാണീം പൊരിച്ച കോഴീം’ വേണമെന്ന വൈറൽ വീഡിയോയ്ക്ക് പിന്നാലെയാണ് അന്നത്തെ മന്ത്രി വീണ ജോർജ്ജ് ഭക്ഷണ മെനു പരിഷ്കരണം കൊണ്ട് വന്നത്.