ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി: ആറ് കളക്ടർമാർക്ക് മാറ്റം, പി.ബി നൂഹ് ജിഎസ്ടി കമ്മീഷണർ

Saturday 23 May 2026 6:46 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ നേതൃത്വത്തിലുള്ള സ‍‍ർക്കാർ‌ അധികാരത്തിൽ വന്നതിന് പിന്നാലെ സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. കണ്ണൂർ കളക്ടർ ഉൾപ്പെടെ ആറ് കളക്ടർമാരെ മാറ്റി. പാട്ടീൽ അജിത് ഭഗവത് റാവുവിനെ ധനവകുപ്പ് സെക്രട്ടറിയായും പി. ബി നൂഹിനെ ജിഎസ്ടി കമ്മീഷണറായും നിയമിച്ചു.

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കറെ നിയമിച്ചുകൊണ്ടുള്ള ഉത്തരവും പുറത്തിറങ്ങി. ആലപ്പുഴ കളക്ടറായിരുന്ന കെ. ഇമ്പശേഖർ വാട്ടർ അതോറിറ്റി എംഡിയായി നിയമിച്ചു. കണ്ണൂർ കളക്ടർ അരുൺ കെ. വിജയന് വ്യവസായ വകുപ്പ് ഡയറക്ടറായാണ് മാറ്റം.

കെഎസ്‌ഐഡിസിയുടെ മാനേജിങ് ഡയറക്ടർ ചുമതലയും അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. സ്‌നേഹിൽ കുമാർ സിംഗാണ് പുതിയ എൻട്രൻസ് കമ്മീഷണർ. പത്തനംതിട്ട കളക്ടറായിരുന്ന പ്രേം കൃഷ്ണനെ ആരോഗ്യവകുപ്പിലെ ജോയിന്റ് സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്.പാലക്കാട് കളക്ടറായിരുന്ന എം.എസ്. മാധവിക്കുട്ടിയെ കോഴിക്കോട് കളക്ടറായാണ് മാറ്റിയിരിക്കുന്നത്. എ. നിസാമുദ്ദീൻ പത്തനംതിട്ടയുടെ പുതിയ കളക്ടറാകും.