പിശാചായി യുവാവ്: അഞ്ചുപേരെ കൊന്നുതള്ളി, വെട്ടേറ്റ മാതാവ് ഗുരുതരാവസ്ഥയിൽ
തിരുവനന്തപുരം: കേരളത്തെ നടുക്കി തലസ്ഥാനത്ത് കൂട്ടക്കൊല. വെഞ്ഞാറമൂട് പേരുമല സൽമാസിൽ എ.ആർ.അഫാനാണ് (23) ഒൻപതാംക്ലാസുകാരനായ അനുജനെയും കാമുകിയെയും
മുത്തശ്ശിയെയും അടക്കം അഞ്ചുപേരെ വകവരുത്തിയത്. വെട്ടേറ്റ കാൻസർ ബാധിതയായ മാതാവ് ഷെമിന (40) ഗുരുതരവസ്ഥയിൽ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
തലയിൽ ചുറ്റിക കൊണ്ടടിച്ചും കത്തികൊണ്ട് കുത്തിയുമാണ് അരുംകൊലകൾ നടത്തിയത്.
അനുജൻ അഫ്സാൻ (13), പെൺസുഹൃത്ത് വെഞ്ഞാറമൂട് മുക്കുന്നൂർ സ്വദേശി ഫർസാന (19) ഉപ്പയുടെ സഹോദരൻ പുല്ലമ്പാറ പഞ്ചായത്ത് എസ്.എൻ പുരത്തെ പുല്ലമ്പാറ ആലമുക്കിൽ ലത്തീഫ് (69), ഭാര്യ ഷാഹിദ(59), ഉപ്പയുടെ ഉമ്മ സൽമാബീവി (88) എന്നിവരാണ് കൊല്ലപ്പെട്ടത്. കിലോമീറ്ററുകൾ സഞ്ചരിച്ചായിരുന്നു കൊലപാതക പരമ്പര.
പെൺസുഹൃത്തിനെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് കൊല്ലുകയായിരുന്നു.അവിടെവച്ചുതന്നെയാണ് അനുജനെ വകവരുത്തിയതും അമ്മയെ ആക്രമിച്ചതും. ഇവരുടെ മരണം ഉറപ്പാക്കാൻ ഗ്യാസ് സിലിൻഡർ തുറന്നുവിട്ടിരുന്നു.
ഉപ്പയുടെ സഹോദരനെയും ഭാര്യയെയും അവരുടെ വീട്ടിലെത്തി കൊല്ലുകയായിരുന്നു.ഉപ്പയുടെ ഉമ്മയെ കൊന്നത് അവർ താമസിക്കുന്ന പാങ്ങോട് എലിച്ചുഴി പുത്തൻവീട്ടിലെത്തിയാണ്.
ഇന്നലെ വൈകിട്ട് ആറോടെ പ്രതി വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി വെളിപ്പെടുത്തിയപ്പോഴാണ് പുറംലോകം അറിഞ്ഞത്. പ്രതി ലഹരിക്കടിമയാണെന്ന് സംശയിക്കുന്നു.
എലി വിഷം കഴിച്ചതായി പൊലീസനോട് പറഞ്ഞതിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയലേക്ക് മാറ്റി. വെഞ്ഞാറമൂട് ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിയാണ് കൊല്ലപ്പെട്ട അഫ്സാൻ.സ്കൂൾ വിട്ടെത്തിയ ഇളയ സഹോദരനെ വെഞ്ഞാറമൂട്ടിലെത്തിച്ച് കുഴിമന്തി വാങ്ങി നൽകിയ ശേഷമാണ് വീട്ടിലെത്തിച്ച് കൊലപ്പെടുത്തിയത്.
മൂർക്കന്നൂർ സ്വദേശി ഫർസാനയെ ഇയാൾ ഇന്നലെ ബൈക്കിൽ വീട്ടിൽ കൂട്ടിക്കൊണ്ട് വന്നാണ് കൊലപ്പെടുത്തിയതെന്നാണ് അഫാൻ പൊലീസിന് നൽകിയ മൊഴി. ഫർസാനയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നതിനെ ചൊല്ലി ബന്ധുക്കളുമായി കലഹിച്ചതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഉച്ചയ്ക്ക് തുടങ്ങിയ
കൊലപാതക പരമ്പര
ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് താഴെ പാങ്ങോട് എലിച്ചുഴി പുത്തൻവീട്ടിലെത്തി ഉപ്പയുടെ ഉമ്മ സൽമാബീവിയെ കഴുത്തു ഞെരിച്ച് കൊന്നുകൊണ്ടാണ് അഫാൻ കൊലപാതക പരമ്പരയ്ക്ക് തുടക്കമിട്ടതെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ കഴുത്തിലെ സ്വർണ്ണമാല ഊരി പണയംവച്ച് കിട്ടിയ പണം കൊണ്ടാണ് മറ്റുള്ളവരെ വകവരുത്താനുള്ള ചുറ്റികയും കത്തിയും പ്രതി വാങ്ങിയത്. തുടർന്ന് പിതൃസഹോദരന്റെ വീട്ടിലെത്തി കൃത്യം നിറവേറ്റി. പിന്നീട് സ്വന്തം വീട്ടിലെത്തി കൊലപാതകങ്ങൾ നടത്തി.അപ്പോൾ സമയം ആറു മണിയോട് അടുത്തിരുന്നു. തുടർന്നാണ്പൊലീസ് സ്റ്റേഷനിലേക്ക് പോയത്. അഫാന്റെ ഉപ്പ റഹിം ഗൾഫിൽ ഫർണിച്ചർ ബിസിനസ് നടത്തിയെങ്കിലും വായ്പ വാങ്ങി കടക്കെണിയിലായി. അതു തീർക്കാൻ നാട്ടിലെ ബന്ധുക്കൾ സഹായിച്ചില്ല. അതിന്റെ പകയിൽ ആരുംജീവിച്ചിരിക്കേണ്ട എന്നു ചിന്തിച്ച് കൊലനടത്തിയെന്നാണ് സൂചന.