കൊച്ചി സെക്സ് റാക്കറ്റ് കേസ്: പരാതിക്ക് പിന്നിൽ വ്യക്തിവൈരാഗ്യം, ആരോപണങ്ങൾ നിഷേധിച്ച് പ്രതികൾ
കൊച്ചി: കൊച്ചി സെക്സ് റാക്കറ്റ് കേസിന് പിന്നിൽ പരാതിക്കാരിയായ യുവതിക്ക് തങ്ങളോടുള്ള വ്യക്തിവൈരാഗ്യമാണെന്ന് കേസിലെ രണ്ടും അഞ്ചും പ്രതികളായ യുവതികൾ മാദ്ധ്യമങ്ങളോട് പറഞ്ഞു. പരാതിയിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ പൂർണമായും വ്യാജമാണെന്നും അങ്ങനെയൊരു സംഭവം നടന്നിട്ടേയില്ലെന്നുമാണ് നിലവിൽ യു.എ.ഇയിലുള്ള ഇവരുടെ വാദം. ദുബായിലെത്തി ഒരു മാസത്തിന് ശേഷം പരാതിക്കാരിയായ യുവതി ഉൾപ്പെട്ട ഒരു പ്രശ്നം തങ്ങൾ ചോദ്യം ചെയ്തതാണ് ഈ പ്രതികാര ബുദ്ധിക്ക് കാരണമെന്നും ഇവർ വിശദീകരിക്കുന്നു.
'യുവതി ദുബായിലെത്തി ഒരു മാസം കഴിഞ്ഞപ്പോൾ ചില മോശം കാര്യങ്ങൾ ചെയ്യാൻ തുടങ്ങി. ഇതോടെയാണ് ഞങ്ങൾ ഇതിനെതിരെ പ്രതികരിച്ചത്. എന്തിനാണ് നമ്മളെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത്, ഇത് ഞങ്ങളെയും ബാധിക്കുമെന്ന് പറഞ്ഞ് ചോദ്യം ചെയ്യുകയും ചില തെളിവുകൾ കണ്ടെത്തുകയും ചെയ്തു. ഈ തെളിവുകൾ സിന്ധു എന്ന് പറയുന്ന വ്യക്തിക്ക് ഞങ്ങൾ അയച്ചുകൊടുത്തിരുന്നു. ഇതിനിടെ പരാതിക്കാരിയുടെ ഫോൺ ഞങ്ങൾ പരിശോധിച്ചതിന്റെ പേരിൽ ആ പെൺകുട്ടി അവിടെവച്ച് ഫോൺ തല്ലിപ്പൊട്ടിക്കുകയും തെളിവ് നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.
ദുബായ് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെങ്കിൽ അവിടുത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാലോ, അവരുടെ ഫോണും പാസ്‌പോർട്ടും പരിശോധിച്ചാലോ സത്യമെന്താണെന്ന് വ്യക്തമാകും. ഈ പെൺകുട്ടി വരുമ്പോൾ ഞങ്ങളും ഇവരുടെ കൂടെയുണ്ടായിരുന്നു. കേസിൽ പ്രതിയാക്കപ്പെട്ട ബിലാൽ എന്ന വ്യക്തിയെ ഒരു സുഹൃത്ത് വഴിയാണ് ഞങ്ങൾക്ക് പരിചയം. സത്യം പുറത്തുവരണം. സത്യം തെളിയിക്കാൻ ആവശ്യമായ തെളിവുകൾ കണ്ടെത്താൻ ഞങ്ങൾ ഉറച്ചുനിൽക്കുകയാണ്. അവർക്ക് വാക്കാൽ പറയുന്നതല്ലാതെ ഇതുവരെ ഒരു തെളിവും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കാനുള്ള കൃത്യമായ രേഖകൾ ഞങ്ങളുടെ കൈവശമുണ്ട്.'-യുവതികൾ കൂട്ടിച്ചേർത്തു.
മോഡലിംഗിന്റെ മറവിൽ പെൺകുട്ടികളെ ദുബായിലേക്ക് കൊണ്ടുപോകുകയും, അവിടെവച്ച് ലഹരിമരുന്ന് നൽകി ഒരു മാസത്തോളം മുറിയിൽ പൂട്ടിയിട്ട് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു എന്നായിരുന്നു കേസിൽ ആദ്യം ഉയർന്നുവന്ന പരാതി. കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കടുത്ത വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികൾ നിലവിൽ ദുബായിലാണെന്നും ഇവരെ നാട്ടിലെത്തിക്കാൻ ശ്രമിക്കുകയാണെന്നുമാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്.
എന്നാൽ, ദുബായിൽവച്ച് നടന്ന ചില സാമ്പത്തിക തർക്കങ്ങളെത്തുടർന്നാണ് യുവതി നാട്ടിലെത്തി വ്യാജപരാതി നൽകിയതെന്നാണ് പ്രതികളുടെ പക്ഷം. യുവതിയുടെ അനുവാദമില്ലാതെ ആരും അവരെ ഉപദ്രവിച്ചിട്ടില്ലെന്നും, ബലാത്സംഗം ഉൾപ്പെടെയുള്ള ആരോപണങ്ങൾ കെട്ടിച്ചമച്ച കഥകൾ മാത്രമാണെന്നും ദുബായിലുള്ള പ്രതികൾ ആവർത്തിക്കുന്നു.