'ഇന്ധന വിലവർദ്ധനവ് ജനത്തോടുള്ള വെല്ലുവിളി: വലിയ സാമ്പത്തിക ബാദ്ധ്യതകൾക്ക് വഴിവയ്ക്കും'
തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ധന വിലയിൽ ലിറ്ററിന് മൂന്നുരൂപ വർധിപ്പിച്ച കേന്ദ്രസർക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളിയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പശ്ചിമേഷ്യൻ സംഘർഷം ചൂണ്ടിക്കാട്ടിയാണ് വില വർധിപ്പിച്ചതെങ്കിലും രാജ്യത്തെ എണ്ണക്കമ്പനികളെ സഹായിക്കാനുള്ള നടപടിയുടെ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന് വില ഉയർന്നുനിന്ന കാലഘട്ടത്തിൽ സബ്സിഡി ഏർപ്പെടുത്തി ജനങ്ങൾക്ക് ആശ്വാസം നൽകിയ യുപിഎ സർക്കാരിന്റെ മാതൃക തിരഞ്ഞെടുക്കാതെയാണ് അമിത നിരക്ക് ജനങ്ങൾക്കുമേൽ കേന്ദ്രസർക്കാർ അടിച്ചേൽപ്പിച്ചത്. കൂടിയ വില പെട്രോളിയം ഉത്പന്നങ്ങൾക്ക് നൽകേണ്ടിവരുന്നത് കേന്ദ്രസർക്കാരിന്റെ ഉയർന്ന നികുതി കാരണമാണ്. അതിൽ കുറവുവരുത്തുന്നതിന് പകരം രാജ്യത്തെ വിലക്കയറ്റത്തിലേക്ക് തള്ളിവിടാനാണ് കേന്ദ്രസർക്കാർ ശ്രമിച്ചത്. ഇന്ധനവില വർദ്ധനവ് ചരക്ക് ഗതാഗത ചെലവുകളെ ബാധിക്കുന്നത് ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് വലിയ സാമ്പത്തിക ബാദ്ധ്യതകൾക്ക് വഴിവയ്ക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
നേരത്തെ വാണിജ്യഗ്യാസ് സിലണ്ടറിന് 993 രൂപ വിലവർധിപ്പിച്ചത് ഹോട്ടലുകളുടെ പ്രവർത്തനത്തെ തന്നെ ഗുരുതരമായി ബാധിച്ചിരുന്നു. ഇന്ധന വിലവർധനവ് പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് മെയ് 16 ശനിയാഴ്ച വൈകുന്നേരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുമെന്നും സണ്ണി ജോസഫ് അറിയിച്ചു.