വനിതകൾക്ക് സൗജന്യ യാത്ര: നടപ്പാക്കുക നിയന്ത്രണങ്ങളോടെ നിർദ്ദേശം മുന്നോട്ടുവയ്ക്കാൻ കെ.എസ്.ആർ.ടി.സി പ്രതിമാസ ബാദ്ധ്യത 96 കോടി
തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിൽ കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്രാ പ്രഖ്യാപനം ഉണ്ടായെങ്കിലും സ്ഥാപനത്തിന്റെ സാമ്പത്തിക സ്ഥിതികൂടി പരിഗണിച്ച് ചില നിയന്ത്രണങ്ങളോടെയാകും നടപ്പാക്കുക എന്ന് സൂചന. കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് ഇക്കാര്യം സർക്കാരിനെ അറിയിക്കും.
സൗജന്യയാത്ര മൂലമുള്ള സാമ്പത്തിക ബാദ്ധ്യത കുറയ്ക്കാൻ സൗജന്യം സിറ്റി, ഓർഡിനറി ബസുകളിൽ മാത്രമാക്കുക, സ്വദേശത്തു നിന്നും നിശ്ചിത ദൂരത്തേക്കാക്കുക, നിശ്ചിത തുകയ്ക്കുള്ള സൗജന്യ കാർഡുകൾ പുറത്തിറക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ മാനേജ്മെന്റ് മുന്നോട്ടു വച്ചേക്കും.
എല്ലാ ക്ലാസുകളിലും സൗജന്യ യാത്ര അനുവദിച്ചാൽ പ്രതിദിന വരുമാനത്തിൽ 3.2 കോടിയുടെ കുറവുണ്ടാകും. പ്രതിമാസ ബാദ്ധ്യത 96 കോടിയും. നിലവിൽ പ്രതിദിന വരുമാനം 8 കോടിയാണ്. പെൻഷന് 80 കോടിയും ശമ്പളത്തിന് 50 കോടിയും പ്രതിമാസം സർക്കാർ നൽകുന്നുകൊണ്ടു മാത്രം മുന്നോട്ടുപോകുന്ന സ്ഥാപനത്തെ സംബന്ധിച്ച് ഇത് വലിയ ബാദ്ധ്യതയാകുമെന്നാണ് മാനേജ്മെന്റ് വിലയിരുത്തൽ. 3100 കോടിയാണ് സ്ഥാപനത്തിന്റെ കടബാദ്ധ്യത.
ഇന്ധനവില വർദ്ധനയും തിരിച്ചടിയാണ്. ദിവസം പത്തുലക്ഷം രൂപയുടെ അധിക ബാദ്ധ്യതയാണ് ഇതുമൂലമുണ്ടാകുന്നത്. പദ്ധതി നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന വരുമാന ചോർച്ചയ്ക്ക് അനുസൃതമായി സർക്കാർ ധനസഹായം നൽകേണ്ടിവരും. അതേസമയം, പദ്ധതി സ്വകാര്യബസ് മേഖലയെ പ്രതിസന്ധിയിലാക്കുമെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു.
വനിതാ യാത്രക്കാർ 40%
കെ.എസ്.ആർ.ടി.സി ബസുകളിലെ വനിതാ യാത്രക്കാർ ആകെ യാത്രക്കാരുടെ 40 ശതമാനത്തിലേറെയാണ്. സിറ്റി, ഓർഡിനറി ബസുകളിൽ 60 ശതമാനം.
വനിതാ സൗജന്യ യാത്ര
മറ്റ് സംസ്ഥാനങ്ങളിൽ
ആന്ധ്രാപ്രദേശ്
സൗജന്യം നിശ്ചിത ദൂരത്തേക്ക്. ഇതിന് വനിതായാത്രികർ അവരുടെ താമസരേഖ കരുതണം
ജമ്മു കാശ്മീർ
സ്മാർട്ട് സിറ്റി ഇ- ബസുകളിലും ഓർഡിനറി ബസുകളിലും
തെലങ്കാന
മഹാലക്ഷ്മി പദ്ധതി- നോൺ എ.സി സ്റ്റേറ്റ് ബസുകളിൽ
പഞ്ചാബ്
ഓർഡിനറി ബസുകളിൽ. തിരിച്ചറിയൽ രേഖ വേണം
കർണാടക
ശക്തി പദ്ധതി-സൂപ്പർ ക്ലാസുകൾ ഒഴികെ, നിയന്ത്രണങ്ങളോടെ
തമിഴ്നാട്
വിദ്യാൽ പയനം പദ്ധതി-വൈറ്റ് ബോർഡ‌് ബസുകളിൽ പരമാവധി 40 കിലോമീറ്റർവരെ
ന്യൂഡൽഹി
സ്ത്രീയാത്രക്കാർക്ക് സൗജന്യമായി പിങ്ക് ടിക്കറ്റ്