കയറാൻ യാത്രക്കാരില്ല; ഈ റൂട്ടിലോടുന്ന സ്‌പെഷ്യൽ സർവീസ് കെഎസ്ആർടിസി നിർത്തി, മറ്റു സർവീസുകളിലും മാറ്റം
ബംഗളൂരു: യാത്രക്കാരുടെ കുറവ് മൂലം കെഎസ്‌ആർടിസിയുടെ ഹൊസൂർ വഴിയുള്ള ബംഗളൂരു–കണ്ണൂർ വീക്കെൻഡ് സ്‌പെഷ്യൽ ഡീലക്സ് സർവീസ് നിർത്തലാക്കി. മലയാളി കൂട്ടായ്മകളുടെ ശക്തമായ സമ്മർദത്തെത്തുടർന്ന് കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു ഹൊസൂരിൽ നിന്ന് കണ്ണൂരിലേക്ക് നേരിട്ടുള്ള സർവീസ് ആരംഭിച്ചത്. തുടക്കത്തിൽ ഹൊസൂരിൽ നിന്ന് സർവീസ് നടത്തിയ ബസിൽ യാത്രക്കാർ കുറഞ്ഞതോടെ ഇത് പിന്നീട് ബംഗളൂരുവിലേക്ക് നീട്ടിയെങ്കിലും വരുമാനത്തിൽ കാര്യമായ പുരോഗതിയുണ്ടായില്ല. സേലം, കോയമ്പത്തൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വടകര, തലശ്ശേരി വഴിയായിരുന്നു ഈ ബസ് സർവീസ് നടത്തിയിരുന്നത്. അതേസമയം, ബംഗളൂരുവിൽ നിന്നുള്ള മറ്റ് ചില പ്രധാന സർവീസുകളുടെ സമയത്തിലും റൂട്ടിലും കെഎസ്ആർടിസി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
ബംഗളൂരുവിൽ നിന്ന് ഉച്ചകഴിഞ്ഞ് 2.15ന് പുറപ്പെട്ടിരുന്ന കോഴിക്കോട് വഴിയുള്ള തൃശൂർ ഗരുഡ എസി ബസിന്റെ റൂട്ടും സമയവും പരിഷ്‌കരിച്ചു. ഇനി മുതൽ ഈ ബസ് സേലം, കോയമ്പത്തൂർ വഴിയായിരിക്കും സർവീസ് നടത്തുക. ബംഗളൂരു തൃശൂർ: രാത്രി 7.45ന് പീനിയ ബസവേശ്വര ടെർമിനലിൽ നിന്ന് പുറപ്പെടുന്ന ബസ് സാറ്റലൈറ്റ് (8.45), ശാന്തിനഗർ (8.59), പാലക്കാട് (പുലർച്ചെ 4.14) വഴി രാവിലെ 5.44ന് തൃശൂരിലെത്തും. തൃശൂർ ബംഗളൂരു: രാത്രി 7.00ന് തൃശൂരിൽ നിന്ന് പുറപ്പെട്ട് സേലം വഴി പുലർച്ചെ 4.05ന് ബംഗളൂരുവിൽ തിരിച്ചെത്തും.
ബംഗളൂരു കോഴിക്കോട് റൂട്ടിലെ ചില സർവീസുകളിലെ ബസുകൾ കെഎസ്ആർടിസി മാറ്റിയിട്ടുണ്ട്. യാത്രക്കാരുടെ സൗകര്യാർത്ഥം ഒരു സ്‌പെഷ്യൽ സർവീസും അധികമായി ആരംഭിച്ചു. രാവിലെ 10ന് ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് സർവീസ് നടത്തിയിരുന്ന നോൺ എസി ഡീലക്സ് ബസിന് പകരം ഇനി മുതൽ എസി പ്രീമിയം സീറ്റർ ബസ് സർവീസ് നടത്തും. ഉച്ചയ്ക്ക് 12നുള്ള എസി സീറ്റർ ബസിന് പകരമായി ഇനി നോൺ എസി ഡീലക്സ് ബസ് ആയിരിക്കും സർവീസ് നടത്തുക. കോഴിക്കോട്ടേക്കുള്ള യാത്രക്കാരുടെ തിരക്ക് പരിഹരിക്കാൻ രാവിലെ 9.00ന് ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പുതിയൊരു ഡീലക്സ് സ്‌പെഷ്യൽ ബസ് സർവീസും ആരംഭിച്ചിട്ടുണ്ട്.