'സതീശൻ വീട്ടിൽനിന്ന് കൊണ്ടുവരും കെഎസ്ആർടിസി നടത്താൻ'; മുഖ്യമന്ത്രിക്കെതിരെ വിവാദപരാമർശവുമായി എം എം മണി
തിരുവനന്തപുരം: ജൂൺ 15 മുതൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിയ്ക്കുമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രഖ്യാപനത്തിനെതിരെ വിവാദപരാമർശവുമായി സിപിഎം മുതിർന്ന നേതാവ് എം എം മണി. കെഎസ്ആർടിസി നടത്താൻ സതീശന്റെ വീട്ടിൽ നിന്ന് കൊണ്ടുവരും എന്നായിരുന്നു എം എം മണിയുടെ പരാമർശം. കേരളത്തിൽ വികസനം ഉണ്ടാകുമോയെന്ന് കാത്തിരുന്ന് കാണാമെന്നും അദ്ദേഹം പരിഹസിച്ചു.
'തോറ്റത് നല്ല സേവനമെല്ലാം ചെയ്ത ഗവൺമെന്റ് ആയിരുന്നു. സതീശൻ ഉണ്ടാക്കുന്നത് കാണാമല്ലോ. എല്ലാവരും പെൻഷനെല്ലാം വാങ്ങിച്ച് നന്നായി. സതീശൻ വീട്ടിൽ നിന്ന് കൊണ്ടുവരും കെഎസ്ആർടിസി നടത്താൻ'- എം എം മണി പറഞ്ഞു.
തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് സംഭവിച്ച തോൽവിയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമല്ല ഉത്തരവാദിയെന്നും ഏതെങ്കിലും വ്യക്തി കാരണമാണ് തോൽവിയുണ്ടായതെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കമ്മിറ്റിയോഗങ്ങളിൽ പിണറായി വിജയനെതിരെയും എംവി ഗോവിന്ദനെതിരെയും വിമർശനങ്ങളുയർന്നതുമായി ബന്ധപ്പെട്ട മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
'ഇടുക്കിയിൽ യുഡിഎഫിന്റെ എംഎൽഎമാരുണ്ടല്ലോ. എന്നിട്ട് ഒരാളെ മന്ത്രിയാക്കാതെ എല്ലാം മറ്റ് ജില്ലക്കാർക്ക് കൊടുത്തതെന്തിനാ? ഗാന്ധിജിയെ കൊന്നവരുടെ കൈയിൽ രാജ്യം കൊണ്ടെത്തിച്ചുകൊടുത്ത മഹാപാപികളാണ് കോൺഗ്രസുകാർ. കേരളത്തിൽ വികസനം ഉണ്ടാകുമോയെന്ന് കാത്തിരുന്ന് കാണാം. തിരഞ്ഞെടുപ്പിൽ തോറ്റതുകൊണ്ടൊന്നും ഞങ്ങളെയൊന്നും ചെയ്യാൻ ആർക്കും പറ്റുകേല. ഞങ്ങളീ മുണ്ടും മടക്കിക്കുത്തി ഏത് സാഹചര്യങ്ങളെയും നേരിടും. പ്രവർത്തനം സംഘടിപ്പിക്കും ജനങ്ങൾക്കിടയിൽ. ഞങ്ങൾക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ ആ വീഴ്ച എന്താണെന്ന് പരിശോധിച്ച് തിരുത്തൽ നടപടികൾ സ്വീകരിക്കും'- അദ്ദേഹം കൂട്ടിച്ചേർത്തു.