കെഎസ്ആർടിസിയിലെ സൗജന്യ യാത്ര: നടപ്പാക്കുന്നത് വൈകുന്നു, പ്രതിഷേധവുമായി മഹിളാ മോർച്ച
കോഴിക്കോട്: യുഡിഎഫ് വാഗ്ദാനം ചെയ്ത കെഎസ്ആർടിസിയിലെ സൗജന്യ യാത്ര നടപ്പാക്കുന്നത് വൈകുന്നതിൽ പ്രതിഷേധവുമായി മഹിളാ മോർച്ചാ പ്രവർത്തകർ. കൊല്ലം,കോഴിക്കോട്,കാസർകോട് എന്നീ ജില്ലകളിലായിരുന്നു പ്രതിഷേധം.കൽപ്പറ്റ-മാനന്തവാടി ഫാസ്റ്റ് പാസഞ്ചർ ബസിൽ യാത്ര ചെയ്യാനെത്തിയ പ്രവർത്തകർ ടിക്കറ്റ് എടുക്കില്ലെന്ന് അറിയിച്ചതോടെ പൊലീസ് എത്തി അവരെ ബസിൽ നിന്ന് ഇറക്കുകയായിരുന്നു.
വാഗ്ദാനങ്ങൾ നിറവേറ്റാനുള്ളതാണെന്നും അത് പാലിക്കാൻ കഴിയാത്തവർ അതിന് മുതിരരുതെന്നും മഹിളാ മോർച്ചാ പ്രവർത്തകർ വിമർശിച്ചു. യുഡിഎഫ് സർക്കാർ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാനിരിക്കെയാണ് പ്രതിഷേധവുമായി ബിജെപി രംഗത്തെത്തിയത്. യുഡിഎഫ് സർക്കാർ അധികാരമേറ്റിട്ട് പറഞ്ഞ എന്തെങ്കിലും കാര്യങ്ങൾ നിറവേറ്റുമോ എന്ന് കാത്തിരുന്നു കാണണമെന്നും പ്രവർത്തകർ പറഞ്ഞു. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ ഇത്രയും ദിവസമെടുത്തെങ്കിൽ മറ്റുമന്ത്രിമാരെ തിരഞ്ഞെടുക്കാൻ ആറുമാസം എടുക്കുമെന്നും അപ്പോൾ വാഗ്ദാനങ്ങൾ മറന്നുപോകുമെന്നും മഹിളാ മോർച്ചാ നേതാവ് പ്രതികരിച്ചു.