രാധികയെ കിഴവിയാക്കി, വിനീഷിന്റെ കരിയർ മാറി!
കൊല്ലം: രാധിക ശരത് കുമാറിനെ 'തായ് കിഴവി'യെന്ന സിനിമയിൽ കിഴവിയാക്കിയതോടെ വിനീഷ് വിജയന്റെ കരിയർ മാറിമറിഞ്ഞു. രാധികയെ 'പവുനുത്തായി' എന്ന കിഴവിയായാണ് രൂപാന്തരപ്പെടുത്തിയത്. വളരെ സങ്കീർണവും ഭാരമേറിയതുമായ പ്രോസ്തെറ്റിക് മേക്കപ്പാണ് ഇതിനായി ഉപയോഗിച്ചത്. മേക്കപ്പ് ശ്രദ്ധിക്കപ്പെട്ടതോടെ കമല ഹാസൻ നേരിട്ടെത്തി അഭിനന്ദിച്ചിരുന്നു. എസ്.എസ്.രാജമൗലി - മഹേഷ് ബാബു സഖ്യത്തിന്റെ ബ്രഹ്മാണ്ഡചിത്രം വാരണാസി, രാഘവ ലോറൻസിന്റെ 'കാഞ്ചന-4' തുടങ്ങിയവയാണ് വിനീഷിനെ കാത്തിരിക്കുന്ന മറ്റ് പ്രോജക്റ്റുകൾ.മോഹൻലാൽ ചിത്രം എമ്പുരാനിൽ വില്ലൻ കഥാപാത്രമായ അഭിമന്യു സിംഗിന്റെ ഫേസ് മാസ്ക് തയ്യാറാക്കിയതും വിനീഷാണ്. കൊട്ടാരക്കര വെണ്ടാർ വിജയ ഭവനത്തിൽ വിജയൻ- ഉഷ ദമ്പതികളുടെ മകനാണ്. ഭാര്യ: ആവണി.
കളിമണ്ണിൽ തുടക്കം
കൊട്ടാരക്കര വെണ്ടാർ ശ്രീവിദ്യാധിരാജ മോഡൽ ഹൈസ്കൂളിൽ പഠിക്കുമ്പോൾ സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ ക്ളേ മോഡലിംഗിൽ സമ്മാനങ്ങൾ വാരിക്കൂട്ടി.ചെന്നൈയിലെ ഫിലിം മേക്കിംഗ്-ആനിമേഷൻ കോഴ്സുകൾക്ക് ശേഷം അവിടെ അദ്ധ്യപകനായി. ചെന്നൈ ഫൈൻ ആർട്സ് കോളേജിൽ നിന്ന് ശില്പകലയിൽ ഔപചാരിക വിദ്യാഭ്യാസം നേടി.മനുഷ്യ മുഖങ്ങൾ രൂപകല്പന ചെയ്യുന്നതിൽ പ്രത്യേക ശ്രദ്ധ ചെലുത്തി.ഓസ്ട്രേലിയൻ ശില്പി റോൺ മുവക്കിന്റെ റിയലിസ്റ്റിക് ശില്പങ്ങൾ പ്രചോദനമായി.
സുഹൃത്തിനൊപ്പം ശില്പ നിർമ്മാണ കമ്പനി തുടങ്ങി. സിലിക്കൺ ഉപയോഗിച്ച് നിർമ്മിച്ച സായിബാബയടക്കമുള്ള ശില്പങ്ങൾ അദ്ഭുതമായി. തമിഴ്നാട് സർക്കാർ മ്യൂസിയത്തിനുവേണ്ടി വിഖ്യാത നടൻ ശിവാജി ഗണേശന്റെ ചെറുപ്പകാലം മുതലുള്ള ജീവിതയാത്ര വിവരിക്കുന്ന ശില്പങ്ങൾ നിർമ്മിച്ചു നൽകി. ഹൈദരാബാദ് എ.എൻ.ആർ സ്റ്റുഡിയോയിലേക്ക് അക്കിനേനി നാഗേശ്വര റാവുവിന്റെ വെങ്കല ശില്പം നിർമ്മിച്ചത് ശ്രദ്ധ നേടി. ഈ ശില്പവുമായി ബന്ധപ്പെട്ട ചടങ്ങിലാണ് രാജമൗലിയെ പരിചയപ്പെടുന്നത്.
പ്രോസ്തെറ്റിക് മേക്കപ്പ്
ദിവസവും മേക്കപ്പ് പൂർത്തിയാക്കാൻ 4 മുതൽ 5 മണിക്കൂർ
ഷൂട്ടിംഗിന് ശേഷം മേക്കപ്പ് മാറ്റാൻ 2 മണിക്കൂറിലധികം വേണം
കഴുത്തിലെ അയഞ്ഞ ചർമ്മം, നീളമുള്ള കാതുകൾ, പ്രായാധിക്യം കാണിക്കുന്ന ശരീര ഭാഗങ്ങൾ എന്നിവ തികച്ചും സ്വാഭാവികമായി തോന്നുംവിധം രൂപകല്പന ചെയ്യും