വാപ്പയുടെ ഉമ്മയിൽ തുടങ്ങി അനുജനിൽ അവസാനിച്ചു
തിരുവനന്തപുരം: സ്വന്തം വീട്ടിൽ നിന്ന് പതിനാറ് കിലോമീറ്ററോളം അകലെ പാങ്ങോട് താമസിക്കുന്ന വാപ്പയുടെ ഉമ്മ സൽമാബീവിയെതേടിയാണ് ആദ്യം പോയത്. തലയ്ക്ക് അടിച്ചു വീഴ്ത്തിയശേഷം ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു. കഴുത്തിലെ മാല മോഷ്ടിച്ച് അത് പണയം വച്ചാണ് കത്തിയും ചുറ്റുകയും വാങ്ങിയത്. തുടർന്ന് അഞ്ചു കിലോമീറ്റർ അകലെ വാപ്പയുടെ സഹോദൻ ലത്തീഫും ഭാര്യ ഷാഹിദയും താമസിക്കുന്ന ചുള്ളാളം എസ്. എൽ വീട്ടിലെത്തി. ആദ്യം ഷാഹിദയെ തലയ്ക്ക് അടിച്ചു വീഴ്ത്തി. ഷാഹിദയുടെ നെറ്റിയിൽ ആഴത്തിലുള്ള മുറിവുകൾ ആയിരുന്നു. നെറ്റിക്ക് കുറുകെ ആഴത്തിലുള്ള വെട്ടേറ്റ ലത്തീഫ് ഹാളിലെ കസേരയിൽ മരിച്ച നിലയിലായിരുന്നു. ഇത് കഴിഞ്ഞാണ് വെഞ്ഞാറമൂട് പേരുമലയിൽ എത്തുന്നത്. വരുന്ന വഴി പെൺ സുഹൃത്ത് ഫർസാനയെ വീട്ടിൽ നിന്ന്കൂട്ടിക്കൊണ്ടുവന്നു. ആദ്യം ഉമ്മയെ തലയ്ക്ക് അടിച്ചു വീഴ്ത്തി. അതുകഴിഞ്ഞ് ഫർസാനയെ തലയ്ക്ക് തുരുതുരാ അടിച്ചു. ഫർസാനയുടെ തലയിലെ മുറിവ് വളരെ ആഴത്തിലുള്ളതാണ്. നെറ്റിയുടെ രണ്ടുവശത്തും നടുക്കും ചുറ്റികകൊണ്ട് ആഴത്തിൽ അടിച്ച പാടുണ്ട്. പിന്നാലെ, സ്കൂൾ വിട്ടുവന്ന സഹോദരൻ അഫ്സാനെ വെഞ്ഞാറമൂട്ടിലെ കടയിൽ കൊണ്ടുപോയി കുഴിമന്തി വാങ്ങി നൽകി. തുടർന്ന് വീട്ടിലെത്തിച്ച് തലയ്ക്ക് അടിച്ചുകൊന്നു.തലയ്ക്ക് ആഴത്തിൽ മുറിവേൽപ്പിച്ചാണ് ഒരോരുത്തരെയും വകവരുത്തിയത്. ലത്തീഫിന്റെയും പെൺ സുഹൃത്ത് ഫർസാനയുടെയും മുഖം വളരെയധികം വികൃതമാക്കിയിരുന്നു.
മൂന്നു പേരെ കുത്തി വീഴ്ത്തിയത് വ്യത്യസ്ത മുറികളിൽ
പേരുമലയിലെ വീട്ടിൽ അഫാൻ ഉമ്മയെ ഉൾപ്പെടെ കുത്തി വീഴ്ത്തിയിട്ടത് വെവ്വേറെ മുറികളിൽ. പൊലീസ് എത്തി പരിശോധിച്ചപ്പോൾ മൂന്ന് പേരുടെയും മുഖം തിരിച്ചറിയാൻ കഴിയാത്ത വിധം രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു. മൂവരുടെയും മുഖത്ത് മൂർച്ചയുള്ള കത്തിയോ,ആയുധമോ കൊണ്ട് കുത്തിയ നിലയിലായിരുന്നു. കാമുകി ഫർസാന,കുഞ്ഞനുജൻ അഫ്സാൻ എന്നിവർ മരണപ്പെട്ടിരുന്നു. അടഞ്ഞു കിടന്നിരുന്ന അടുത്ത മുറി തള്ളിത്തുറന്നപ്പോഴാണ് അവിടെ അഫാന്റെ ഉമ്മ ഷെമിയെ കണ്ടത്. ഇവർക്ക് ഞരക്കമുണ്ടെന്ന് കണ്ടതിനെ തുടർന്നായിരുന്നു ആശുപത്രിയിലേക്ക് മാറ്റിയത്. ഇവർ കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു. ഇവർ ഇപ്പോഴും ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലാണ്.പിതാവ് റഹിം ഗൾഫിലായതിനാൽ പിതൃ സഹോദരൻ ലത്തീഫാണ് പെരുന്നാൾ ഉൾപ്പെടെ വിശേഷങ്ങൾക്ക് ഭാര്യയോടൊപ്പം വീട്ടിലെത്ത് കാര്യങ്ങൾ നടത്തിയിരുന്നത്. അഫാൻ നാലു മാസം മുൻപ് ഗൾഫിൽ പിതാവിനടുത്ത് പോയി മടങ്ങി വന്നിരുന്നു. ഇത്രയും ക്രൂരമായി വീട്ടുകാരെ തന്നെ കൊലപ്പെടുത്തണമെങ്കിൽ അഫാൻ മയക്കു മരുന്നിനടിമയായിരുന്നിരിക്കണം എന്നാണ് നാട്ടുകാർ പറയുന്നത്.