ഫെബ്രുവരി 12ന് കേരളത്തില്‍ ഹര്‍ത്താല്‍ പ്രതീതി, എല്ലാം അടഞ്ഞ് കിടക്കും

Tuesday 10 February 2026 11:00 PM IST

തിരുവനന്തപുരം: ഫെബ്രുവരി 12ാം തീയതി നടക്കുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് കേരളത്തില്‍ പൂര്‍ണമായിരിക്കും. സംയുക്ത ട്രേഡ് യൂണിയനാണ് ഇക്കാര്യം അറിയിച്ചത്. പണിമുടക്കില്‍ നിന്ന് ശബരിമല തീര്‍ത്ഥാടകരേയും മാരാമണ്‍ കണ്‍വെന്‍ഷനേയും ഒഴിവാക്കിയിട്ടുണ്ട്. തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. പണിമുടക്കില്‍ കേരളം പൂര്‍ണമായും സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു.

പാല്‍, പത്രം, ആശുപത്രി, മെഡിക്കല്‍ ഷോപ്പുകള്‍, ആംബുലന്‍സ്, ആശുപത്രി സര്‍വീസുകള്‍ എന്നിവ ഒഴികെ എല്ലാ സര്‍വീസുകളും നിര്‍ത്തിവയ്ക്കും. മാളുകള്‍, പ്രത്യേക സാമ്പത്തിക സോണുകള്‍ എന്നിവയും പണിമുടക്കിന്റെ ഭാഗമാകും. വ്യവസായം, കാര്‍ഷികം, വാണിജ്യം, വ്യാപാരം എന്നീ മേഖലകളിലും പണിമുടക്ക് പൂര്‍ണമായിരിക്കും. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കും. മോട്ടര്‍ വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങില്ല. എല്ലാ രംഗത്തെയും തൊഴിലാളികള്‍ പണിമുടക്കിന്റെ ഭാഗമാകുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സംയുക്ത കര്‍ഷകമോര്‍ച്ചയും കര്‍ഷക തൊഴിലാളി സംഘടനകളും സിപിഎം, സിപിഐ അടക്കമുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപക സംഘടനകളും ബാങ്ക്, ഇന്‍ഷുറന്‍സ്, പ്രതിരോധം, റയില്‍വേ, തുറമുഖം, വ്യോമയാന രംഗത്തെ ജീവനക്കാരും, അനുബന്ധ കരാര്‍ തൊഴിലാളികളും പണിമുടക്കിനെ പിന്തുണയ്ക്കുമെന്നു ഭാരവാഹികള്‍ പറഞ്ഞു. അതേസമയം, എന്‍ജിഒ സംഘ് പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കും.