SignIn
Kerala Kaumudi Online
Sunday, 31 May 2026 1.34 AM IST

വൈക്കോലും കൃഷിമാലിന്യങ്ങളുമൊന്നും കളയണ്ട, മികച്ച വരുമാനമുള്ള‌ ബിസിനസ് ആക്കാമെന്ന് തെളിയിച്ച് ഡോ. രശ്‌മി 

dr-rashmi

കാർഷിക ഉൽപന്നങ്ങളുടെ ബാക്കിവരുന്ന മാലിന്യങ്ങളെ കത്തിച്ചുകളയുകയോ അഴുകാൻ വിടുകയോ ആണ് സാധാരണമായി നമ്മൾ ചെയ്യാറുള്ളത്. എന്നാൽ ആ മാലിന്യത്തെ ഉപയോഗിച്ച് 100 ശതമാനം പ്രകൃതിയ്‌ക്ക് ദോഷമുണ്ടാകാത്ത സെല്ലുലോസ് പൾപ് ഉണ്ടാക്കാനാകുമെന്നും അത് വാണിജ്യപരമായി വിപണിയിലെത്തിച്ച്‌ ജനങ്ങൾക്ക് ഉപകാരം ചെയ്യാനാകുമെന്നും തെളിയിച്ചിരിക്കുകയാണ് മാവേലിക്കര സ്വദേശിയായ ശാസ്‌ത്രജ്ഞ ഡോ. രശ്‌മി രാജശേഖരൻ. ഗവേഷകയെന്ന നിലയിൽ സ്റ്റാൻഫോർഡ് സർവകലാശാലയുടെ ലോകത്തെ മികച്ച രണ്ട് ശതമാനം ശാസ്‌‌ത്രജ്ഞരുടെ പട്ടികയിൽ ഇടംനേടിയിട്ടുള്ളയാളാണ് 45കാരിയായ ഡോ. രശ്‌മി.

ആശയത്തിന്റെ തുടക്കം പതിറ്റാണ്ട്‌ മുൻപ്‌

2012ൽ കേരള സർവകലാശാലയിൽ നിന്നും കെമിസ്‌ട്രിയിൽ ഡോക്‌ടറേറ്റ് നേടിയ രശ്‌മി രാജശേഖരൻ പിന്നാലെ സയൻസ് ആൻഡ് ടെക്‌നോളജി വകുപ്പിന്റെ (ഡിഎസ്‌ടി) വുമൺ സയന്റിസ്‌റ്റ് സ്‌കീമിൽ ഒരു പ്രോജക്‌ട് ചെയ്‌തിരുന്നു. ആ പ്രോജക്ടിൽ വികസിപ്പിച്ചെടുത്തത് സെല്ലുലോസ് ആണ്. നാനോ സെല്ലുലോസ് എന്നത് സ്ഥിരതയാർന്ന വസ്‌തുവാണ്. നിലവിൽ മാവേലിക്കര കൊല്ലകടവിൽ ഇൻഡസ്‌ട്രിയൽ ഡെവലപ്‌മെന്റ് ഏരിയയിലുള്ള സെല്ലുപ്രോ ഗ്രീൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വന്തം സ്റ്റാർട്ടപ്പിന്റെ പ്‌ളാന്റിൽ വൈക്കോലിൽ നിന്നാണ് നാനോ സെല്ലുലോസ് ഉണ്ടാക്കിയെടുക്കുന്നത്. വൈക്കോലിൽ നിന്ന് മാത്രമല്ല പല കാർഷിക അവശിഷ്‌ടങ്ങളിൽ നിന്നും ഇവ നിർമ്മിക്കാനായി സാധിക്കും. പൈനാപ്പിളിന്റെ ചണ്ടി, ചക്കമടൽ ഇവയിൽ നിന്നെല്ലാം സെല്ലുലോസ് പൾപ് നിർമ്മിക്കാമെന്ന് ഡോ.രശ്‌മി അന്ന് കണ്ടെത്തിയിരുന്നു.

പ്രോജക്‌ട് കാലത്തെ സ്വപ്‌നം

തന്റെ ഈ ഗവേഷണം ജനങ്ങൾക്ക് ഉപകാരപ്പെടണം എന്നതായിരുന്നു പ്രോജക്‌ട്‌ കാലത്തെ സ്വപ്‌നം. അഞ്ച് വർഷത്തോളമായി എപ്പോഴും കാണുന്ന സ്വപ്‌നമായിരുന്നു ഈ സ്റ്റാർട്ടപ്.കമ്പനി തുടങ്ങാൻ ഭർത്താവ് പത്മകുമാറും സുഹൃത്തും സംരംഭകയുമായ മായ രാജേഷും കൂടെ നിന്നതോടെ സെല്ലുപ്രോ ഗ്രീൻ പ്രൈവറ്റ് ലിമിറ്റഡിന് ശുഭാരംഭമായി.കമ്പനി എന്ന സ്വപ്‌നം 2025 മാർച്ചിൽ ആണ് പ്രാവർത്തികമായത്. ഈ വർഷം ജനുവരിയിലാണ് ഫാക്‌ടറി ആരംഭിച്ചത്. ഡോ.രശ്‌‌മി രാജശേഖരൻ കമ്പനി മാനേജിംഗ് ഡയറക്‌ടറാണ്. പദ്‌മകുമാർ, മായ രാജേഷ് എന്നിവർ ഡയറക്‌ടർമാരും.

മുൻപ് കോളേജ് അദ്ധ്യാപികയായി ജോലി നോക്കിയെങ്കിലും ഇപ്പോൾ പൂ‌ർണമായും സെല്ലുപ്രോഗ്രീൻ കമ്പനിയ്‌ക്കായി പ്രവർത്തിക്കുകയാണ് ഡോ.രശ്‌‌മി. സെല്ലുലോസ്‌ പൾപ്പിനായുള്ള ഗവേഷണവും അവയുടെ വികസനവുമാണ് നടത്തുന്നത്. കാർബൺ ന്യൂട്രാലിറ്റി, സീറോ കാർബൺ തുടങ്ങിയ പുതുകാല സമവാക്യങ്ങളോട് നീതി പുലർത്തുന്നതാണ് സെല്ലുപ്രോ ഗ്രീൻ ഉൽപന്നങ്ങൾ.

ecagro

നാനോ സെല്ലുലോസ്‌ നി‌ർമ്മാണം

ഏതൊരു വ്യവസായ വിഭാഗത്തിനും വിതരണം ചെയ്യാവുന്ന ശുദ്ധമായ നാനോ സെല്ലുലോസ് നിർമ്മിക്കുകയാണ് ഇവിടെ ചെയ്യുന്നത്. പേപ്പർ വ്യവസായത്തിലും പെയിന്റ് വ്യവസായത്തിലും കോസ്‌മെറ്റിക്, സ്‌കിൻകെയർ വ്യവസായങ്ങൾക്കും ആവശ്യമായ സെല്ലുലോസ് പൾപ്പ് ഉൽപാദിപ്പിക്കുന്നുണ്ട്. ഇകാഗ്രോ (Ecagro) എന്ന പേരിലാണത്. ഇതിനുപുറമേ ഇകാഗ്രോയെ ഉപയോഗിച്ച് തന്നെ മൂന്ന് കോസ്‌മെറ്റിക് ഉൽപന്നങ്ങളും സെല്ലുപ്രോ ഗ്രീനിൽ നിന്ന് തയ്യാറാക്കി. മോയിസ്‌ച്വറൈസറും,ഫേസ്‌വാഷും ബോഡി വാഷുമാണ് അത്. 'സെല്ലുഗ്‌ളിറ്റ്‌സ്' എന്നാണ് ഇവയുടെ പേര്. വൈകാതെ വിപണിയിൽ ലഭ്യമാകും. രണ്ട് പ്രോഡക്‌ടുകൾക്ക് രശ്‌മി രാജശേഖരന്‌ പേറ്റന്റ് ലഭിച്ചിട്ടുണ്ട്.

സ്‌റ്റാർട്‌ അപ് മിഷൻ സഹായവും

കമ്പനി എന്ന നിലയിൽ ആദ്യമേ സ്റ്റാർട് അപ് ഇന്ത്യയിൽ രജിസ്‌റ്റർ ചെയ്‌തു. കേന്ദ്ര സർക്കാർ അംഗീകാരം ലഭിച്ചതോടെ കേരള സ്റ്റാർട് അപ് മിഷനിൽ രജിസ്‌‌റ്റർ ചെയ്‌തു. സ്റ്റാർട് അപ് മിഷന്റെ രണ്ട് എക്‌സിബിഷനുകളിൽ ഭാഗമാകാനായി. നിലവിൽ ബ്രാൻഡിന് അപേക്ഷിച്ചിട്ടുണ്ട്. സെല്ലുലോസ് പൾപ്പിന്റെ നിർമ്മാണത്തിൽ വരുന്ന ആദ്യ സ്റ്റേജിലെ ഉപഉൽപന്നമായ ലിഗ്‌നൈനും വിൽപനയ്‌ക്കായി ഉദ്ദേശിക്കുന്നുണ്ട്. വിപണി ആവശ്യങ്ങൾക്കനുസരിച്ച് ഇത് ലഭ്യമാകും.

ഗൾഫിൽ നിന്ന് മടങ്ങിയെത്തിയ ഭർത്താവ് പദ്‌മകുമാറാണ് കമ്പനിയുടെ സാമ്പത്തിക കാര്യങ്ങളെല്ലാം നോക്കി നടത്തുന്നത്. ദേവിക പദ്‌മകുമാർ, ദീപിക പദ്‌മകുമാർ എന്നിവരാണ് മക്കൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DR RESMI, CELLULOSE PULP, SCIENTIST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA