നവ കേരള: സമരക്കാരെ തല്ലിച്ചതച്ച പൊലീസുകാരെ സസ്പെൻഡ് ചെയ്തേക്കും
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ചവരെ ക്രൂരമായി മർദ്ദിച്ച മുഖ്യമന്ത്രിയുടെ ഗൺമാനെയും സുരക്ഷാ ഉദ്യോഗസ്ഥനെയും സസ്പെൻഡ് ചെയ്തേക്കും. ഗൺമാൻ അനിൽ കുമാറിനും സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപിനുമെതിരേ നേരത്തേ കേസെടുത്തെങ്കിലും ക്ലീൻ ചിറ്റ് നൽകി ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.
അന്ന് മർദ്ദനമേറ്റ എ.ഡി തോമസ് നിയമസഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ നിന്ന് വിജയിച്ചിരുന്നു. തോമസിന്റെ പരാതി എഴുതി വാങ്ങി കോടതിയുടെ അനുമതിയോടെ പുനരന്വേഷണം നടത്തി പൊലീസുകാരെ സസ്പെൻഡ് ചെയ്യാനാണ് സാദ്ധ്യത. കേസിലെ നിർണായക തെളിവായ വീഡിയോ ദൃശ്യങ്ങൾ ശേഖരിക്കാതെയാണ് ക്രൈംബ്രാഞ്ച് കേസ് അവസാനിപ്പിച്ചതെന്ന് ആരോപണമുയർന്നിരുന്നു. തെളിവായ ദൃശ്യങ്ങൾ നൽകാൻ ശ്രമിച്ചപ്പോഴെല്ലാം ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ഒഴിഞ്ഞു മാറിയെന്നായിരുന്നു ആക്ഷേപം. മുഖ്യമന്ത്രിക്കൊപ്പം തോക്കുമായി സഞ്ചരിക്കേണ്ട ഗൺമാൻ, അകമ്പടി വാഹനത്തിലൊളിപ്പിച്ച വടിയുമായി റോഡിലിറങ്ങി പ്രതിഷേധക്കാരുടെ തല തല്ലിത്തകർത്തത് പൊലീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നാണ് വിലയിരുത്തൽ. കണ്ണൂരിലും ആലപ്പുഴയിലും വാഹനത്തിൽ നിന്നിറങ്ങി കെഎസ്‍യുക്കാരെ തല്ലാൻ മുന്നിൽ നിന്ന ഗൺമാൻ, ഇടുക്കിയിൽ പത്ര ഫോട്ടോഗ്രാഫറുടെ കഴുത്തിന് പിടിച്ചിരുന്നു. മുഖ്യമന്ത്രിക്കൊപ്പം സദാസമയവും ഉണ്ടാവുകയെന്നതാണു ഗൺമാന്റെ ചുമതല. മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോയിക്കഴിഞ്ഞ് എസ്കോർട്ട് വാഹനത്തിൽനിന്നു റോഡിലിറങ്ങി പരാക്രമം കാണിക്കുന്നത് നിയമവിരുദ്ധമാണ്. പൊലീസുകാർ സാധാരണ ഉപയോഗിക്കുന്ന ലാത്തിയെക്കാൾ നീളമുള്ളതും കാറിലിരുന്നു തന്നെ വീശിയടിക്കാൻ കഴിയുന്നതുമായ ഒടിയാത്ത ദണ്ഡാണ് ഗൺമാൻ മർദ്ദനത്തിന് ഉപയോഗിച്ചത്.