നീറ്റ് പുന:പരീക്ഷ ജൂൺ അവസാനം നടന്നേക്കും

Friday 15 May 2026 1:28 AM IST

 പ്രതികൾ ഒരാഴ്ച കസ്റ്റഡിയിൽ

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയ നീറ്റ് യു.ജി പുന:പരീക്ഷ ജൂൺ അവസാനമോ, ജൂലായ് ആദ്യമോ നടന്നേക്കും. പരീക്ഷാനടത്തിപ്പുകാരായ നാഷണൽ ടെസ്റ്റിംഗ് ഏജൻസി പുതിയ ചോദ്യപേപ്പർ തയ്യാറാക്കുന്ന നടപടിയിലേക്ക് കടന്നു. ഇതിന് വിദ്യാഭ്യാസ വിദഗ്ദ്ധർ അടങ്ങിയ പുതിയ പാനലിനെ നിയോഗിക്കും.

അതേസമയം, ചോദ്യപേപ്പ‌‌ർ ചോർത്തിയ വൻറാക്കറ്റിലെ 5 പ്രതികളെ കോടതി ഒരാഴ്ചത്തെ സി.ബി.ഐ കസ്റ്റഡിയിൽ വിട്ടു. ബി.എ.എം.എസ് വിദ്യാർത്ഥി ശുഭം ഖൈർനർ, ബി.ജെ.പി നേതാവ് ദിനേശ് ബിവാൽ,സഹോദരൻ മംഗിലാൽ ബിവാൽ, വികാസ് ബിവാൽ, യഷ് യാദവ് എന്നിവരാണ് പ്രതികൾ. വൻ ഗൂഢാലോചന നടന്നെന്നും പ്രതികളെ വിശദമായി ചോദ്യം ചെയ്യണമെന്നുമുള്ള സി.ബി.ഐ വാദം ജ‌ഡ്‌ജി അജയ് ഗുപ്‌ത അംഗീകരിക്കുകയായിരുന്നു. ചോർച്ചയുടെ ഉറവിടം, എത്ര പണമൊഴുകി, ആസൂത്രണത്തിന്റെ ആഴം, നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിലെ ഏതെങ്കിലും ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ തുടങ്ങിയവ അന്വേഷിക്കും.

വാട്സാപ്പും ടെലഗ്രാമും ഉപയോഗിച്ചു

വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളുണ്ടാക്കി പ്രതികൾ 400ൽപ്പരം ചോദ്യങ്ങളുള്ള പി.ഡി.എഫ് ഷെയർ ചെയ്‌തുവെന്ന് റിമാൻഡ് റിപ്പോ‌ർട്ടിൽ പറയുന്നു. യഥാർത്ഥ ചോദ്യപേപ്പറിലെ 120 ചോദ്യങ്ങൾ അതുപോലെ ഇതിലുണ്ടായിരുന്നു. ശുഭം ഖൈർനറുമായി മംഗിലാൽ നടത്തിയ ചാറ്റുകൾ നിർണായകമായി. തന്റെ മകന് ചോദ്യപേപ്പ‌ർ സംഘടിപ്പിച്ചു നൽകാമോയെന്നാണ് മംഗിലാൽ ചോദിച്ചത്. 12 ലക്ഷം രൂപ വാഗ്ദാനം ചെയ്‌തു. കഴിഞ്ഞ ഏപ്രിലിലായിരുന്നു ഇത്. ശുഭം തന്റെ പരിചയക്കാരനായ യഷ് യാദവ് മുഖേന പി.ഡി.എഫ് രൂപത്തിലെ ചോദ്യപേപ്പർ ടെലഗ്രാം വഴി ഷെയർ ചെയ്‌തു. 10 ലക്ഷം രൂപയുടെ ഇടപാടായിരുന്നു. മംഗിലാൽ മകൻ അമൻ ബിവാൽ, ബന്ധുക്കളായ വിദ്യാ‌ർത്ഥികൾ എന്നിവർക്ക് നൽകി. യഷിന്റെ സുഹൃത്തായ വികാസ് ബിവാൽ മറ്റൊരു ഇടനിലക്കാരനാണ്. പ്രതികൾ തമ്മിലുള്ള ചാറ്റുകൾ, ചോർന്ന ചോദ്യപേപ്പർ എന്നിവ പ്രതികളുടെ മൊബൈൽ ഫോണുകളിൽ നിന്ന് കണ്ടെടുത്തു.