സമരം ഫലിച്ചു, പി.ജി ഡോക്ടർമാർക്ക് സ്‌റ്റൈപ്പൻഡായി

Wednesday 13 May 2026 12:13 AM IST

തിരുവനന്തപുരം : സ്‌റ്റൈപ്പൻഡ് വൈകിയതിൽ പ്രതിഷേധിച്ച്, സംസ്ഥാനത്ത് ഗവ. മെഡിക്കൽ കോളേജ് പി.ജി ഡോക്ടേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ജോലി ബഹിഷ്‌കരിച്ചതിന് പിന്നാലെ കഴിഞ്ഞ മാസത്തെ സ്‌റ്റൈപ്പൻഡ് അക്കൗണ്ടിൽ. അടുത്തമാസം മുതൽ മാസത്തിന്റെ തുടക്കത്തിലേ സ്‌റ്റൈപ്പൻഡ് ലഭ്യമാകുമെന്ന ഉറപ്പും അധികൃതർ നൽകി. ഉടൻ പി.ജി ഡോക്ടർമാരെല്ലാം ഡ്യൂട്ടിയിൽ പ്രവേശിച്ചു. ഇതോടെ അനിശ്ചിതകാല സമരവും മാറ്റി.

ഇന്നലെ പ്രിൻസിപ്പൽ ഓഫീസിലേക്ക് മാർച്ച് നടത്തിയ അസോസിയേഷൻ ഇന്ന് മുതൽ അനിശ്ചിതകാലത്തേക്ക് അത്യാഹിത വിഭാഗം ഒഴികെയുള്ള ഡ്യൂട്ടി ബഹിഷ്‌കരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ആറ് മാസമായി സ്റ്റൈപ്പൻഡ് കൃത്യസമയത്ത് ലഭിക്കുന്നില്ലെന്നായിരുന്നു പി.ജി ഡോക്ടർമാരുടെ പരാതി. നിരവധി തവണ ചർച്ച നടത്തിയിട്ടും പ്രശ്‌നത്തിൽ പരിഹാരം ഉണ്ടായില്ല. എല്ലാ മാസവും അഞ്ചിന് മുമ്പ് സ്റ്റൈപ്പൻഡ് വിതരണം ചെയ്യണമെന്ന ഡി.എം.ഇയുടെ ഉത്തരവ് നിരന്തരം ലംഘിക്കപ്പെടുകയാണെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.