മന്ത്രി മന്ദിരവും കാറും റെഡി; മൂന്നാം ദിവസവും വകുപ്പായില്ല, ഫിഷറീസിൽ തർക്കം അവസാനിക്കുന്നില്ല

Wednesday 20 May 2026 7:50 AM IST

തിരുവനന്തപുരം: വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ അധികാരമേറ്റ് മൂന്ന് ദിവസം പിന്നിട്ടിട്ടും മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങിയില്ല. ഇന്ന് രാവിലെ ഒൻപത് മണിക്ക് വിഡി സർക്കാരിന്റെ രണ്ടാമത്തെ മന്ത്രിസഭാ യോഗം ചേരുന്നുണ്ട്. മന്ത്രിസഭാ യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകുമോ എന്നതാണ് അറിയേണ്ടത്. വകുപ്പ് തർക്കം പരിഹരിച്ചാൽ പട്ടികയുമായി മുഖ്യമന്ത്രി ഗവർണറെ സന്ദർശിച്ചേക്കും.

അതേസമയം, ദേവസ്വം, ഫിഷറീസ്, ഉന്നത വിദ്യാഭ്യാസ വകുപ്പുകളിൽ അന്തിമ തീരുമാനമായിട്ടില്ല. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗിലും തർക്കമുണ്ട്. അതിനിടെ എക്‌സൈസ് വകുപ്പിനോടുള്ള താത്പര്യക്കുറവ് എം. ലിജു പരസ്യമാക്കി. സഹകരണമോ, സാംസ്‌കാരികമോ കിട്ടിയാൽ കൊള്ളാമെന്നാണ് ലിജുവിന്റെ നിലപാട്. തർക്കങ്ങൾ പരിഹരിച്ച് ഇന്ന് ഗസറ്റ് വിജ്ഞാപനമിറക്കിയേക്കും.

ലീഗിന് നൽകിയ ഫിഷറീസ് വകുപ്പ് കോൺഗ്രസ് ഏറ്റെടുക്കണമെന്നാണ് ലത്തീൻ സഭയുടെ ആവശ്യം. പകരം ഉന്നത വിദ്യാഭ്യാസം വേണമെന്നാണ് ലീഗിന്റെ നിലപാട്. അതിൽ കോൺഗ്രസിനും ലത്തീൻ സഭയ്ക്കും എതിർപ്പുണ്ട്. ഉന്നത വിദ്യാഭ്യാസം കോൺഗ്രസിന് വേണമെന്ന അഭിപ്രായം ശക്തമാണ്. എപി അനിൽകുമാറിന് ആരോഗ്യ വകുപ്പ് നൽകിയത് കെ. മുരളീധരൻ എതിർത്തിരുന്നു. അതോടെ ആ വകുപ്പ് മുരളീധരനിലെത്തി. മുരളീധരന് നിശ്ചയിച്ച വൈദ്യുതി എ.പി. അനിൽകുമാറിനും നൽകി. എന്നാൽ അദ്ദേഹം വഴങ്ങിയില്ല. ഇതോടെ കെ.സി. വേണുഗോപാൽ പക്ഷം സമ്മർദ്ദവുമായെത്തി. മുരളീധരന് നൽകുന്ന ദേവസ്വം വകുപ്പ് കൂടി അനിൽകുമാറിലെത്തിച്ച് പരിഹാരത്തിനാണ് ശ്രമം. പകരം യുവജനക്ഷേമ, കായിക വകുപ്പ് മുരളീധരന് നൽകാനും ആലോചനയുണ്ട്.

തൊഴിൽ വകുപ്പ് വേണ്ടെന്ന് നിലപാടെടുത്ത ഷിബു ബേബിജോണിനെ വനം നൽകിയാണ് തൃപ്തിപ്പെടുത്തിയത്. എന്നാൽ ഫിഷറീസ് വകുപ്പ് ഷിബുവിന് നൽകി വനം തിരിച്ചെടുക്കാനും ആലോചനയുണ്ട്. വനത്തിനൊപ്പം ഫിഷറീസ് കൂടി ഏറ്റെടുക്കാമെന്ന ഷിബുവിന്റ നിലപാട് പ്രായോഗികവുമല്ല. അതിനിടെ കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫിന് നിശ്ചയിച്ച റവന്യു വകുപ്പ് എ.പി. അനിൽകുമാറിന് നൽകാൻ കെ.സി പക്ഷം നടത്തിയ ശ്രമം പാളി. മുഖ്യമന്ത്രിക്കൊപ്പം രമേശ് ചെന്നിത്തലയും എതിർത്തതോടെയാണ് നീക്കം പൊളിഞ്ഞത്.

പൊതു മരാമത്ത് വകുപ്പിനായി പി.കെ. ബഷീറും അബ്ദുൾ ഗഫൂറും ആവശ്യമുന്നയിച്ചതാണ് ലീഗിലെ പ്രതിസന്ധി. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിൽ അബ്ദുൾ ഗഫൂറിന്റെ പിതാവ് വി.കെ. ഇബ്രാഹിം കുഞ്ഞായിരുന്നു പൊതുമരാമത്ത് മന്ത്രി. എന്നാൽ പൊതുമരാമത്ത് പോലൊരു വലിയ വകുപ്പ് സഭയിലെ കന്നിക്കാരന് നൽകുന്നത് ഉചിതമല്ലെന്നാണ് ബഷീർ പക്ഷത്തിന്റെ നിലപാട്.