ഘടകകക്ഷികൾ എന്തിന് ഇടപെട്ടു: എൻ.എസ്.എസ്

Thursday 14 May 2026 2:20 AM IST

ചങ്ങനാശേരി : കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ ഘടകകക്ഷികൾ എന്തിന് ഇടപെട്ടെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. അവരുടെ ഇടപെടലാണ് പ്രശ്‌നം ഉണ്ടാക്കിയത്. ലീഗിന് അടക്കം എന്താണിതിൽ കാര്യം. കോൺഗ്രസിന്റെ ആഭ്യന്തര കാര്യമാണിത്. ആരുവന്നാലും സ്വീകരിക്കാൻ ഘടകകക്ഷികൾ തയ്യാറാകണം. ഘടകകക്ഷികളുടെ സമ്മർദ്ദം അവഗണിക്കേണ്ട ഹൈക്കമാൻഡ്, അവരുടെ അഭിപ്രായം തേടി. ലീഗ് അടക്കം എന്തൊക്കെയോ മുന്നിൽക്കണ്ടാണ് ഇതൊക്കെ ചെയ്യുന്നത്. ഇതിലൊക്കെ വലിയ ദുരൂഹതയുണ്ട്. മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഇങ്ങനെ ഒരു കാലത്താമസം ഉണ്ടാകുന്നത് ശരിയല്ല. ഇവിടെ ഭരണമുണ്ടോ, സ്‌കൂൾ തുറക്കാറായി, ഇതൊക്കെ നോക്കാൻ ആരെങ്കിലും ഉണ്ടോ. വിദ്യാഭ്യാസ വകുപ്പ് ജനകീയമാകണമെങ്കിൽ കോൺഗ്രസ് ഏറ്റെടുക്കണം. ഒരു കൂട്ടർ മാത്രം അത് കൈവശംവയ്ക്കുന്നത് ശരിയല്ല. കോൺഗ്രസിന്റെ ആഭ്യന്തര കാര്യത്തിൽ എൻ.എസ്.എസ് ഇടപെടില്ല. സമദൂരം പാലിച്ചാണ് നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.