 ലഹരിക്കെതിരെ 'ഓപ്പറേഷൻ തൂഫാൻ' സ്കൂൾ, കോളേജ് പരിസരത്ത് കർശന പരിശോധന

Monday 01 June 2026 12:58 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ, കോളേജ് പരിസരങ്ങളിലെ ലഹരി കച്ചവടവും ഉപയോഗവും പൂർണമായും തടയാൻ ലക്ഷ്യമിട്ട് ഇന്നു മുതൽ പരിശോധന കർശനമാക്കാൻ തീരുമാനം. ലഹരി വേട്ടയ്ക്കെതിരെ ആഭ്യന്തര വകുപ്പ് നടപ്പാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ; ദ നാർക്കോ ഹണ്ടി'ന്റെ ഭാഗമായാണ് പൊലീസ്, എക്സൈസ് വിഭാഗങ്ങളുടെ പരിശോധന.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപമുള്ള കടകൾ കേന്ദ്രീകരിച്ചും പരിശോധന ശക്തമാക്കും. ലഹരി കച്ചവടത്തിന്റെ ഇടനിലക്കാരെ കണ്ടെത്താൻ മഫ്തിയിലും പൊലീസുകാരെ നിയോഗിക്കും. സ്‌കൂൾ തലത്തിലുള്ള സമിതി വിദ്യാർത്ഥികൾക്കിടയിൽ നിരീക്ഷണം നടത്തും. ഈ സമിതിയുടെ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാകും പരിശോധന. തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണവും തേടും.

ലഹരിക്കെതിരെയുള്ള ബോധവത്കരണ പ്രവർത്തനങ്ങളും പൊതുജന പങ്കാളിത്തത്തോടെയുള്ള പ്രതിരോധവും ഓപ്പറേഷൻ തൂഫാന്റെ ലക്ഷ്യങ്ങളാണ്. വിവിധ വകുപ്പുകളുടെ ഏകോപനം ആഭ്യന്തരവകുപ്പ് നിർവഹിക്കും. ആഭ്യന്തര വകുപ്പിന് കീഴിൽ നടപ്പാക്കുന്ന 'ക്ലീൻ ക്യാമ്പസ്; സേഫ് ക്യാമ്പസ്' പദ്ധതി തുടരും.

ഔദ്യോഗിക

ഉദ്ഘാടനം നാളെ

ഓപ്പറേഷൻ തൂഫാന്റെ സംസ്ഥാനതല ഔദ്യോഗിക ഉദ്ഘാടനം നാളെ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. വൈകിട്ട് 3ന് കോട്ടൺഹിൽ സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ. മുരളീധരൻ, എൻ.ഷംസുദ്ദീൻ, എം. ലിജു, സി.പി. ജോൺ, ഡി.ജി.പി റവാഡ ചന്ദ്രശേഖർ, എ.ഡി.ജി.പി എച്ച്. വെങ്കിടേഷ് തുടങ്ങിയവർ പങ്കെടുക്കും. ആഭ്യന്തരമന്ത്രിയായി ചുമതല ഏറ്റെടുത്ത ആദ്യ മണിക്കൂറുകളിൽ തന്നെ രമേശ് ചെന്നിത്തല പ്രഖ്യാപിച്ച പദ്ധതിയാണ് ഓപ്പറേഷൻ തൂഫാൻ.

ഏകോപനം ഐ.ജിക്ക്

1. തൂഫാൻ പദ്ധതിയുടെ ഭാഗമായ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള നാർക്കോട്ടിക് സംഘത്തെ ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ നിയന്ത്രിക്കും

2. ലഹരി വസ്തുക്കളുടെ പ്രധാന ഉറവിടങ്ങളായ മറ്റു സംസ്ഥാനങ്ങളിലെ ശൃംഖലകൾ തകർക്കുന്നതിനായി ഡി.ജി.പി തലത്തിൽ മറ്റു സംസ്ഥാനങ്ങളിലെ പൊലീസ് മേധാവികളുമായി ചേർന്ന് പ്രവർത്തിക്കും

27,701

2024ൽ രജിസ്റ്റർ ചെയ്ത

ലഹരിക്കേസുകൾ

12,760

2025 മാർച്ച് 31വരെ

രജിസ്റ്റർ ചെയ്തത്

19,078

2025 മേയിൽ രജിസ്റ്റർ

ചെയ്ത കേസുകൾ