ഭീഷണിയായി രണ്ട് ചക്രവാതച്ചുഴികൾ; അതിശക്തമായ മഴയെത്തുന്നു; നാല് ജില്ലകൾക്ക് ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ കൊല്ലം, തൃശ്ശൂർ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്ന് മണിക്കൂർ നേരത്തേക്കാണ് ജാഗ്രതാ നിർദേശമുള്ളത്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്കു - പടിഞ്ഞാറൻ കാലവർഷം തെക്കുപടിഞ്ഞാറൻ അറബിക്കടലിന്റെ ചില ഭാഗങ്ങളിലേയ്ക്കും തെക്കു- കിഴക്കൻ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങളിലേയ്ക്കും കന്യാകുമാരി പ്രദേശത്തേയ്ക്കും തെക്കുപടിഞ്ഞാറൻ, തെക്കുകിഴക്കൻ, മദ്ധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടലിലേയ്ക്കും ആൻഡമാൻ കടലിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലേയ്ക്കും വ്യാപിച്ചു.
തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി നിലനിന്നിരുന്ന ചക്രവാതച്ചുഴി തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള മദ്ധ്യ ബംഗാൾ ഉൾക്കടലിലും സമുദ്രനിരപ്പിൽ നിന്ന് 3.1 കിലോമീറ്റർ മുതൽ 5.8 കിലോമീറ്റർ വരെ ഉയരത്തിലായി സ്ഥിതി ചെയ്യുന്നു.
തെക്കുപടിഞ്ഞാറൻ അറബിക്കടലിന് മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 3.1 കിലോമീറ്റർ മുതൽ 5.8 കിലോമീറ്റർ വരെ ഉയരത്തിൽ മറ്റൊരു ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. ഇക്കാരണങ്ങളാൽ മേയ് 23 മുതൽ 27 വരെയുള്ള ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്.