കത്തിമുനയിൽ പീഡനം: മൂന്നാം പ്രതിയും പിടിയിൽ

Saturday 09 May 2026 12:10 AM IST

കൊച്ചി: എറണാകുളം നഗരത്തിലെ ആളൊഴിഞ്ഞ ബഹുനില കെട്ടിടത്തിൽ രാത്രി ആൺസുഹൃത്തിനൊപ്പം എത്തിയ യുവതിയെ കത്തിമുനയിൽ നിറുത്തി പീഡിപ്പിച്ച കേസിൽ മൂന്നാം പ്രതിയും പിടിയിൽ. അരൂർ കാട്ടിത്തറ വീട്ടിൽ സഞ്ജയ് ഉല്ലാസാണ് (26) എറണാകുളം സെൻട്രൽ പൊലീസിന്റെ പിടിയിലായത്. സംഭവത്തിനുശേഷം ഒളിവിൽപ്പോയ സഞ്ജയ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തെ ആളൊഴിഞ്ഞ കെട്ടിടത്തിലാണ് തങ്ങിയത്.

ഇന്നലെ ഉച്ചയ്ക്ക് പൊലീസ് എത്തിയപ്പോൾ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലൂടെ കീഴടക്കി. വധശ്രമം,​ നിരവധി അടിപിടി സംഭവങ്ങളിലടക്കം അരൂർ സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുകളുണ്ട്. സംഭവത്തിൽ മുഖ്യപ്രതി തിരുവനന്തപുരം ഇടവ സ്വദേശി ഡാനിഷും (28), കൊല്ലം പറവൂർ സ്വദേശി രാഹുലും (39) ബുധനാഴ്ച അറസ്റ്റിലായിരുന്നു. യുവതിയുടെ ആൺസുഹൃത്തിന്റെ ബാഗിൽനിന്ന് കവർന്ന സൺഗ്ലാസും ധരിച്ച് സഞ്ജയ് ഉല്ലാസ് സമൂഹമാദ്ധ്യമത്തിലിട്ട പോസ്റ്റാണ് പ്രതികളെ തിരിച്ചറിയാൻ പൊലീസിനെ സഹായിച്ചത്.

ബഹുനില കെട്ടിടത്തിന്റെ പത്താംനിലയിൽ നേരിടേണ്ടി വന്ന ദുരവസ്ഥയെക്കുറിച്ച് യുവതി പൊലീസിന് മൊഴി നൽകി. ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനാണ് നിർഭയമായി മൊഴിനൽകാൻ യുവതിയെ പ്രേരിപ്പിച്ചത്. കൗൺസലിംഗിന് വിധേയയായ യുവതി സുരക്ഷിതയായി നാട്ടിലേക്ക് മടങ്ങി. അക്രമികളോട് യുവതി പരമാവധി ചെറുത്തുനിന്നതായി പൊലീസ് പറഞ്ഞു.

സമൂഹമാദ്ധ്യമം വഴിയാണ് ആൺസുഹൃത്തിനെ യുവതി പരിചയപ്പെട്ടത്. സുഹൃത്തിനൊപ്പം അല്പനേരം സംസാരിച്ചിരിക്കാനാണ് കെട്ടിടത്തിലെത്തിയതെന്നാണ് യുവതിയുടെ മൊഴി.

ആൺസുഹൃത്തിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.

സ്ത്രീസുരക്ഷ

ശക്തമാക്കും

എറണാകുളം നഗരത്തിൽ സ്ത്രീ സുരക്ഷ ശക്തമാക്കാൻ പൊലീസ് നടപടി തുടങ്ങി. പിങ്ക് പൊലീസ് പട്രോളിംഗ് ശക്തമാക്കി. രാത്രി കൺട്രോൾറൂം വെഹിക്കിൾ നിരീക്ഷണവുമുണ്ടാകും.

സംഭവം നടന്ന എറണാകുളം സൗത്തിൽ സ്ട്രൈക്കർ പൊലീസിനെ വിന്യസിക്കും. ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും ഇത്തരം കെട്ടിടങ്ങൾ ക്രിമിനൽ സംഘങ്ങൾ താവളമാക്കുന്നുണ്ടെന്നും സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ്‌കുമാർ പറഞ്ഞു.

ക്യാപ്ഷൻ

അറസ്റ്റിലായ മൂന്നാംപ്രതി സഞ്ജയ് ഉല്ലാസ് സംഭവത്തിന് ശേഷം യുവതിയുടെ ആൺസുഹൃത്തിൽ നിന്ന് കവർന്ന സൺഗ്ലാസ് ധരിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത സെൽഫി