വിമർശനങ്ങൾക്കിടെ പിണറായി വിജയന് കണ്ണൂരിൽ ഉജ്ജ്വല സ്വീകരണം

Tuesday 19 May 2026 12:00 AM IST

കണ്ണൂർ: തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ പാർട്ടിക്കകത്തുനിന്ന് കടുത്ത വിമർശനം നേരിടുന്നതിനിടെ, പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട് ജന്മാനാടായ കണ്ണൂരിലേക്കെത്തിയ പിണറായി വിജയന് ഇന്നലെ മട്ടന്നൂർ വിമാനത്താവളത്തിൽ ഉജ്ജ്വല സ്വീകരണം. യു.ഡി.എഫ്. സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം തിരുവനന്തപുരത്തുനിന്ന് ഉച്ചയ്ക്ക് 1.15ന് കണ്ണൂരിലിറങ്ങിയ അദ്ദേഹത്തെ സി.പി.എം. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷാളണിയിച്ചും മുദ്രാവാക്യങ്ങളോടെയും സ്വീകരിച്ചു. ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, നിയുക്ത എം.എൽ.എ. വി.കെ. സനോജ്, പി. ശശി, എം. സുരേന്ദ്രൻ, പി. പുരുഷോത്തമൻ, എം. രതീഷ്, സി.വി. ശശീന്ദ്രൻ, എൻ. ഷാജിത്ത് തുടങ്ങിയ നേതാക്കൾ സ്വീകരണത്തിന് നേതൃത്വം നൽകി. ജില്ലാകമ്മിറ്റി തല അവലോകനങ്ങളിൽ പിണറായിക്കും എം.വി. ഗോവിന്ദനുമെതിരെ അതിരൂക്ഷമായ വിമർശനമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്.

ഇന്ന് നടക്കുന്ന ഇ.കെ. നായനാ‌ർ അനുസ്മരണ പരിപാടികളിൽ പങ്കെടുക്കാനെത്തിയ പിണറായി എന്തെങ്കിലും പ്രതികരിക്കുമോ എന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്. വൈകിട്ട് അഞ്ചിന് കല്യാശേരിയിൽ അനുസ്മരണ പൊതുയോഗം അദ്ദേഹം ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ പത്തിന് കണ്ണൂരിൽ പി. ജയരാജന്റെ പുസ്തക പ്രകാശനത്തിലും പങ്കെടുക്കും.