പിണറായി പ്രതിപക്ഷ നേതാവായത് വോട്ടെടുപ്പിലൂടെ, പാർട്ടി അണികൾ കടുത്ത അമർഷത്തിൽ
തിരുവനന്തപുരം: പിണറായി വിജയനെ പ്രതിപക്ഷ നേതാവായി പിബി തീരുമാനിച്ചത് വോട്ടെടുപ്പിലൂടെയെന്ന് റിപ്പോർട്ട്. ഒരു മലയാള ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോർട്ടുചെയ്തത്. 17 പേർ പങ്കെടുത്ത പിബിയിൽ പത്തുപേരുടെ പിന്തുണയോടെയാണ് പിണറായി പ്രതിപക്ഷനേതാവായതെന്നും റിപ്പോർട്ടിൽ പറയുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോൽവി വിലയിരുത്താൻ 10, 11 തീയതികളിൽ ചേർന്ന പിബി യോഗത്തിൽ സംസ്ഥാനനേതൃത്വത്തിനും രണ്ടാം പിണറായി സർക്കാരിനുമെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. പിണറായിയെ പ്രതിപക്ഷ നേതാവായും തിരഞ്ഞെടുത്തിരുന്നില്ല. പുതിയ നേതൃത്വം വരട്ടെ എന്ന പൊതുനിലപാടിലായിരുന്നു പിബി.
എന്നാൽ, തിരഞ്ഞെടുപ്പ് അവലോകനത്തിനായി ബുധനാഴ്ചയും വ്യാഴാഴ്ചയും ചേർന്ന സംസ്ഥാന കമ്മിറ്റിയിൽ സർക്കാരിനും പാർട്ടി നേതൃത്വത്തിനുമെതിരെ അതിരൂക്ഷവിമർശനമുണ്ടായെങ്കിലും സെക്രട്ടറിയേറ്റിൽ പ്രതിപക്ഷനേതാവായി പിണറായിയുടെ പേര് മാത്രം നിർദേശിക്കപ്പെട്ടു.ജനറൽ സെക്രട്ടറി എംഎ ബേബി പിബിയുടെ നിലപാട് അറിയിച്ചെങ്കിലും മറ്റൊരു പേരും ഉയർന്നുവന്നില്ല. തുടർന്നാണ്, സെക്രട്ടറിയേറ്റിന്റെ ആവശ്യം ചർച്ച ചെയ്യാൻ എംഎ ബേബി വ്യാഴാഴ്ച ഓൺലൈനായി അടിയന്തര പി ബി യോഗം വിളിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
അതിനിടെ, പിണറായിയെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തതിനെതിരെ പാർട്ടി അണികൾക്കിടയിൽ എതിർപ്പുണ്ട്. രണ്ടാം പിണറായി സർക്കാർ അധികാരമേൽക്കുമ്പോൾ ദയനീയവസ്ഥയിലായിരുന്ന കോൺഗ്രസ് രമേശ് ചെന്നിത്തലയെ മാറ്റി വിഡി സതീശനിലൂടെ നേതൃസ്ഥാനത്ത് തലമുറമാറ്റം വരുത്തിയതിന്റെ പരിണിത ഫലമാണ് കോൺഗ്രസിന്റെ ഇപ്പോഴത്തെ ജയമെന്നാണ് അവർ ചൂണ്ടിക്കാണിക്കുന്നത്. ജനങ്ങൾ വിശ്വാസത്തിലെടുക്കുന്ന യുവ നേതാക്കൾ സിപിഎമ്മിനില്ലെന്നും അത് പാർട്ടിയുടെ സർവനാശത്തിനേ ഇടയാക്കൂ എന്നും അവർ ചൂണ്ടിക്കാണിക്കുന്നു.