സ്വകാര്യ ബസും ടിപ്പറും കൂട്ടിയിടിച്ചു; ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം,നിരവധി പേർക്ക് പരിക്ക്
പത്തനംതിട്ട: തിരുവല്ല- കായംകുളം സംസ്ഥാനപാതയിലെ പൊടിയാടിയിൽ സ്വകാര്യ ബസും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. ടിപ്പർ ഡ്രൈവർ കോട്ടയം സ്വദേശി സന്ദീപ് (30) ആണ് മരിച്ചത്. അപകടത്തിൽ ബസിലുണ്ടായിരുന്ന നിരവധിപേർക്ക് പരിക്കേറ്റു.
പൊടിയാടി ജംഗ്ഷനും പുളിക്കീഴ് പാലത്തിനും ഇടയിൽ ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. തിരുവല്ല ഭാഗത്തുനിന്നും കായംകുളത്തേക്ക് പോകുകയായിരുന്ന അനിഴം എന്ന സ്വകാര്യ ബസും എതിർദിശയിൽ നിന്ന് വന്ന ടിപ്പർ ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ടിപ്പറിന്റെ മുൻഭാഗം പൂർണ്ണമായും തകരുകയും ഡ്രൈവർ സന്ദീപ് ക്യാബിനുള്ളിൽ കുടുങ്ങുകയായിരുന്നു.
ജെസിബി ഉപയോഗിച്ച് ക്യാബിൻ പൊളിച്ചാണ് സന്ദീപിനെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ 21 യാത്രക്കാരിൽ ഒൻപത് പേരെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.