ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

Friday 15 May 2026 4:34 PM IST

കണ്ണൂർ: വളക്കൈയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് തീപിടിച്ച് പൂർണമായി കത്തിനശിച്ചു. എഞ്ചിന്റെ ഭാഗത്തുനിന്ന് പുക ഉയരുകയായിരുന്നു. ഇതുകണ്ട ഡ്രൈവർ യാത്രക്കാരോട് ഇറങ്ങാൻ പറഞ്ഞതിനാൽ ആർക്കും പരിക്കേൽക്കാതെ രക്ഷപെട്ടു. തളിപ്പറമ്പ്- ഇരിട്ടി റൂട്ടിൽ സർവീസ് നടത്തുന്ന തേലക്കാടൻ എന്ന ബസിനാണ് ഉച്ചയ്‌ക്ക് 12.30 ഓടെ തീപിടിച്ചത്. തീ ശ്രദ്ധയിൽപ്പെട്ടയുടൻ ബസ് ഒതുക്കിനിർത്തി. ആളുകൾ ബസിൽ നിന്ന് ഇറങ്ങിയപ്പോഴേക്ക് തീ ആളിപ്പടരാൻ തുടങ്ങി. തളിപ്പറമ്പിൽ നിന്ന് അഗ്നിരക്ഷാസേനയെത്തി തീ അണക്കുമ്പോഴേക്കും ബസ് പൂർണമായും കത്തിയമർന്നിരുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ പ്രാഥമിക നിഗമനം.