സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ ശക്തമായ മഴ, 50 കിലോ മീറ്റർ വേഗതയിൽ കാറ്റിനും സാദ്ധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മേയ് 14 മുതൽ 16 വരെ ഒറ്റപ്പെട്ടയിടങ്ങളിലാണ് മഴയ്ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാനും സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വൈകിട്ട് 5.30ന് പുറപ്പെടുവിച്ച അറിയിപ്പ് പ്രകാരം അടുത്ത മൂന്നുമണിക്കൂറിൽ തിരുവനന്തപുരം, കാസർകോട്, ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഈ ജില്ലകളിൽ അടുത്ത മൂന്നുമണിക്കൂർ നേരത്തെക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ഈ ആഴ്ച അവസാനത്തോടെ തെക്കൻ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങൾ, ആൻഡമാൻ കടൽ. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം എത്തിയേക്കും. തെക്കുപടിഞ്ഞാറൻ ഉൾക്കടലിൽ ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ടെന്നും അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം കൂടുതൽ ശക്തിപ്പെടാൻ സാദ്ധ്യതയെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.