രാഹുൽ ഗാന്ധി ചാലകശക്തി: രമേശ് ചെന്നിത്തല

Tuesday 05 May 2026 12:00 AM IST

തിരുവനന്തപുരം: യു.ഡി.എഫ് നേടിയത് ഐതിഹാസിക വിജയമാണെന്ന് പ്രചാരണ സമിതി ചെയർമാൻ രമേശ് ചെന്നിത്തല പറഞ്ഞു. കെ.പി.സി.സി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 100 സീറ്റുകൾ നേടുമെന്ന് താൻ നേരത്തെ ഉറപ്പിച്ചു പറഞ്ഞിരുന്നുവെന്നും കേരള ജനത മാറ്റത്തിന് വേണ്ടി ആഗ്രഹിച്ചതിന്റെ ഫലമാണ് ജനവിധിയെന്നും അദ്ദേഹം വ്യക്തമാക്കി. വിജയത്തിന് പിന്നിലെ ചാലകശക്തി രാഹുൽ ഗാന്ധിയാണ്. രാഹുൽ ഗാന്ധി പ്രഖ്യാപിച്ച അഞ്ച് ഗ്യാരന്റികൾ സമയബന്ധിതമായി സർക്കാർ നടപ്പിലാക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.

ഇടതുമുന്നണിയുടെ പത്ത് വർഷത്തെ ദുർഭരണത്തിനെതിരെയുള്ള ജനവിധിയാണിത്. സി.പി.എമ്മിലെ ആഭ്യന്തര ജീർണതയും നേതാക്കളുടെ കൊഴിഞ്ഞുപോക്കും ഇടതുപക്ഷ വോട്ടുകൾ യു.ഡി.എഫിലേക്ക് എത്തുന്നതിന് കാരണമായി. ആയിഷ പോറ്റി കോൺഗ്രസിൽ ചേർന്നതും ജി. സുധാകരന്റെ നിലപാടുകളും ഇതിന് ഉദാഹരണമാണ്. യു.ഡി.എഫ് മുന്നോട്ടുവെച്ച പോസിറ്റീവ് അജണ്ടയെ ജനങ്ങൾ സ്വീകരിച്ചുവെന്നും കൂടുതൽ ഉത്തരവാദിത്തത്തോടെ ജനങ്ങൾക്കായി പ്രവർത്തിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.