ഒരു ലക്ഷം കുടുംബത്തിന് കൂടി സൗജന്യറേഷൻ

Sunday 26 January 2025 4:29 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ലക്ഷത്തോളം കുടുംബങ്ങൾക്ക് കൂടി സൗജന്യറേഷനുള്ള മുൻഗണനാ കാർഡുകൾ നൽകും.

സാമ്പത്തികശേഷിയുള്ളവർ അർഹതയില്ലാതെ കൈവശംവച്ചിരുന്ന 62,156 മുൻഗണനാ കാർഡുകൾ സർക്കാർ തിരിച്ചു പിടിച്ചിരുന്നു. ഈ പ്രക്രിയ തുടരുകയാണ്. മസ്റ്ററിംഗ് പൂർത്തിയാകുന്ന ഏപ്രിൽ 31ആകുമ്പോഴേക്കും തിരിച്ചുകിട്ടുന്ന കാർഡുകളുടെ എണ്ണം ഒരു ലക്ഷത്തോളമാവും.അതാണ് യഥാർത്ഥ പാവപ്പെട്ടവരെ കണ്ടെത്തി നൽകുന്നത്.

മസ്റ്ററിംഗ് കഴിയുമ്പോൾ, അനധികൃതമായി മുൻഗണനാ കാർഡ് കൈവശം വച്ചിരിക്കുന്നവരുടെ വിവരങ്ങൾ ശേഖരിച്ചാണ് അവരെ ഒഴിവാക്കുന്നത്.

12 ലക്ഷത്തിലേറെ പേർ ഇനിയും മസ്റ്ററിംഗ് ചെയ്യാനുണ്ട്. അവർക്കു വേണ്ടി ഫെബ്രുവരിൽ പ്രത്യേക ഡ്രൈവ് നടത്തും.

നിലവിൽ സർക്കാരിന്റെ കൈവശമുള്ള 62,156 മുൻഗണനാ കാർഡുകൾ അനുവദിക്കാൻ അപേക്ഷ ഉടൻ ക്ഷണിക്കും. മാർച്ച് 31നു മുമ്പ് മുൻഗണനാ കാർഡ് ലഭ്യമാകുന്നവർ 31നു മുമ്പ് മസ്റ്ററിംഗ് നടത്തണമെന്നു മാത്രം.

കാർഡ് കുറഞ്ഞാൽ

വിഹിതം കുറയും

മുൻഗണനാ കാർഡുകൾ കുറഞ്ഞാൽ കേന്ദ്രത്തിൽ നിന്നുള്ള റേഷൻ വിഹിതത്തെ ബാധിക്കും. അതുകൊണ്ടാണ് ഒഴിവു വരുന്ന കാർഡുകൾ അർഹരായവരെ കണ്ടെത്തി അവർക്ക് അനുവദിക്കുന്നത്.

14.25 ലക്ഷം ടൺ :

ഭക്ഷ്യസുരക്ഷാ നിയമം

നടപ്പിലാക്കിയശേഷം

ലഭിക്കുന്ന റേഷൻ വിഹിതം

16.50 ലക്ഷം ടൺ:

സംസ്ഥാനം

ആവശ്യപ്പെടുന്നത്

നിലവിലെ മുൻഗണന കാർഡുകൾ

എ.എ.വൈ (മഞ്ഞ)..................... 5,83,524

പി.എച്ച്.എച്ച് (പിങ്ക്)................ 35,97,798

റേഷൻ വിഹിതം

# മഞ്ഞ കാർഡ് ഒന്നിന് 30 കിലോ അരി, മൂന്ന് കിലോ ഗോതമ്പ് സൗജന്യം, രണ്ട് കിലോ ആട്ട ഒരു രൂപ നിരക്കിൽ

# പിങ്ക് കാർഡിലെ ഓരോ അംഗത്തിനും

നാലു കിലോ അരി, ഒരു കിലോ ഗോതമ്പ് സൗജന്യം.

വിതരണക്കാരുടെ സമരം നിറുത്തി, വ്യാപാരികൾ തുടങ്ങുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കടകളിൽ ധാന്യം എത്തിക്കുന്ന കരാറുകാർ സമരം അവസാനിപ്പിച്ചു. എന്നാൽ നാളെ മുതൽ അനിശ്ചിതകാല കടയടപ്പ് സമരം നടത്താനാണ് റേഷൻ വ്യാപാരി സംഘടനകളുടെ തീരുമാനം. വിതരണക്കാർക്ക് നൽകാനുള്ള കുടിശ്ശികയിൽ സെപ്തംബർ മാസത്തെ ശേഷിക്കുന്ന 40 %, ഒക്ടോബറിലെ മുഴുവൻ തുക, നവംബറിലെ 60% കൊടുത്തു തീർക്കാമെന്ന് ഉറപ്പുലഭിച്ചതോടെയാണ് ഈ മാസം ഒന്നു മുതൽ നടത്തിവന്നിരുന്ന സമരം വിതരണക്കാർ ഇന്നലെ പിൻവലിച്ചത്. മന്ത്രി ജി.ആർ.അനിലുമായി കരാറുകാർ നടത്തിയ ചർച്ചയിലാണ് ഒത്തുതീർപ്പുണ്ടായത്. അതേസമയം, റേഷൻ വ്യാപാരികളുമായി വെള്ളിയാഴ്ച മന്ത്രിമാരായ കെ.എൻ.ബാലഗോപാലും ജി.ആർ.അനിലും നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് കടകൾ അടച്ചിടുന്നത്.