ഭരണം ഉറപ്പിച്ച് കോൺഗ്രസ് മുഖ്യമന്ത്രി ചർച്ച: കേന്ദ്ര നിരീക്ഷകർ ഇന്നെത്തും

Monday 04 May 2026 12:27 AM IST

തിരുവനന്തപുരം: കണക്കുകൂട്ടലുകൾ പിഴയ്ക്കില്ലെന്നും ഭരണം പിടിച്ചെടുക്കാമെന്നുമുള്ള ഉറച്ച ആത്മവിശ്വാസത്തോടെ വോട്ടെണ്ണലിനെ അഭിമുഖീകരിക്കുന്ന കോൺഗ്രസ്,​ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾക്കും ഉടൻ തുടക്കമിടും. 'മുഖ്യമന്ത്രി വിവാദം' ദിവസങ്ങളായി നടക്കുന്നുണ്ടെങ്കിലും ഭരണം കിട്ടിയാൽ ഒരു സങ്കീർണതയുമില്ലാതെ തീരുമാനത്തിലെത്താൻ കഴിയുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.

എ.ഐ.സി.സി നിയോഗിച്ച കേന്ദ്ര നിരീക്ഷകർ ഇന്ന് കേരളത്തിലെത്തും. മുഖ്യമന്ത്രി ആരാകണമെന്നതിൽ കോൺഗ്രസ് എം.എൽ.എമാരുടെ അഭിപ്രായം ആരാഞ്ഞ് ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ യു.ഡി.എഫ് ഘടകകക്ഷികളുമായി ആശയവിനിമയം നടത്തിയശേഷം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാണ് ഹൈക്കമാൻഡ് നീക്കം.

മുഖ്യമന്ത്രിയാകാൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ തത്കാലം കളത്തിലുണ്ടാവില്ലെന്നാണ് അറിയുന്നത്. കോൺഗ്രസിന് അനുകൂലമായ ഒരു സാഹചര്യം വരുമ്പോൾ വിവാദത്തിൽ മുക്കി വിജയത്തിന്റെ നിറം കെടുത്തേണ്ടെന്ന നിലപാടാവും കെ.സിയും ദേശീയ നേതൃത്വവും സ്വീകരിക്കുക. മുതിർന്ന നേതാവ് രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവർക്കാണ് ഇപ്പോഴത്തെ നിലയിൽ സാദ്ധ്യത.

ടീം യു.ഡി.എഫ് എന്ന സംഘബലത്തിലേക്ക് നയിച്ച സതീശന് ഇപ്പോഴത്തെ അവസ്ഥയിൽ മുൻതൂക്കമുണ്ട്. എന്നാൽ, മുതിർന്ന നേതാവെന്ന നിലയിൽ ചെന്നിത്തലയ്ക്ക്

അവസരം നൽകണമെന്ന അഭിപ്രായം പ്രബലമാണ്. അങ്ങനെയെങ്കിൽ ഒരുപക്ഷേ,

ഇരുവർക്കുമായി ടേം വ്യവസ്ഥ കൊണ്ടുവരാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല. തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പാണെന്ന ആത്മവിശ്വാസത്തിൽ കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിൽ വിജയാഘോഷത്തിനുള്ള പന്തൽ ഉയർത്തിയിട്ടുണ്ട്.

എൽ.ഡി.എഫ് വന്നാൽ

പിണറായി തന്നെ

മൂന്നാമതും ഭരണത്തുടർച്ചയെന്ന അടിയുറച്ച വിശ്വാസത്തിലാണ് എൽ.ഡി.എഫ്.

ഭൂരിപക്ഷം കിട്ടിയാൽ മുഖ്യമന്ത്രി പദത്തിലേക്ക് പിണറായി വിജയൻ അല്ലാതെ മറ്റൊരു പേര് തത്കാലമില്ല. മറ്റു മന്ത്രിമാരുടെ കാര്യത്തിലും എൽ.ഡി.എഫിന് വലിയ സങ്കീർണതകളില്ല. 75 സീറ്റുകളെങ്കിലും നേടി ഭരണത്തുടർച്ച ലഭിക്കുമെന്നതാണ് ഉറച്ച വിശ്വാസം.

പ്രതീക്ഷയിൽ ബി.ജെ.പി

വീണ്ടും അക്കൗണ്ട് തുറക്കൽ എന്നതിലുപരി കൂടുതൽ സീറ്റുകൾ നേടാനാവുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ. വോട്ടുവിഹിതം വലിയ തോതിൽ കൂട്ടാനാകുമെന്നും പ്രതീക്ഷിക്കുന്നു. ഈ തിരഞ്ഞെടുപ്പോടെ നിർണായക ശക്തിയായി മാറുമെന്നും ബി.ജെ.പി കണക്കുകൂട്ടുന്നു.

ഫേ​സ്ബു​ക്ക് ​പ്രൊ​ഫൈ​ലിൽ മാ​റ്റം​ ​വ​രു​ത്തി​ ​മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഫ​ലം​ ​പു​റ​ത്തു​വ​രാ​ൻ​ ​മ​ണി​ക്കൂ​റു​ക​ൾ​ ​മാ​ത്രം​ ​ബാ​ക്കി​നി​ൽ​ക്കെ,​ ​ഫേ​സ്ബു​ക്ക് ​പ്രൊ​ഫൈ​ലി​ൽ​ ​മാ​റ്റം​ ​വ​രു​ത്തി​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ.​ ​ബ​യോ​യി​ലെ​ ​'​ചീ​ഫ് ​മി​നി​സ്റ്റ​ർ​"​ ​എ​ന്ന​ ​വി​ശേ​ഷ​ണം​ ​ഒ​ഴി​വാ​ക്കി​ ​'​പൊ​ളി​റ്റ് ​ബ്യൂ​റോ​ ​മെ​മ്പ​ർ,​ ​ക​മ്മ്യൂ​ണി​സ്റ്റ് ​പാ​ർ​ട്ടി​ ​ഒ​ഫ് ​ഇ​ന്ത്യ​ ​(​മാ​ർ​ക്സി​സ്റ്റ്)​"​ ​എ​ന്നാ​ക്കി.​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഔ​ദ്യോ​ഗി​ക​ ​പേ​ജാ​യ​ ​'​ചീ​ഫ് ​മി​നി​സ്റ്റേ​ഴ്സ് ​ഓ​ഫീ​സ് ​കേ​ര​ള​"​യി​ൽ​ ​നി​ന്ന് ​നേ​ര​ത്തെ​ ​ത​ന്നെ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ചി​ത്രം​ ​മാ​റ്റി​യി​രു​ന്നു.