ആരിഫിന്റേത് ലീഗ് മനസ്, പാർട്ടി വിടാൻ തക്കം പാർത്തിരുന്നയാൾ: വെള്ളാപ്പള്ളി

Monday 11 May 2026 1:27 AM IST

കൊച്ചി: എ.എം. ആരിഫിന് മുസ്ലിം ലീഗിന്റെ മനസാണെന്നും പാർട്ടിക്കുള്ളിൽ നിന്ന് ചാടാതിരിക്കാൻ വേണ്ടിയാണ് സി.പി.എം അദ്ദേഹത്തെ ആലുവയി​ൽ സ്ഥാനാർത്ഥി​യാക്കി​യതെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾ തിരിച്ചടിച്ചെന്ന ആരിഫിന്റെ വിമർശനത്തിന് കൊച്ചിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവേ മറുപടി നൽകുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പ് സമയത്ത് തന്റെ സഹായം തേടി വരാറുള്ള വ്യക്തിയാണ് ആരിഫ്. എം.പി ആയപ്പോൾ തന്നെ തള്ളിപ്പറഞ്ഞു. തന്റെ പ്രസ്താവനകൾ കാരണമാണ് ഇടതുപക്ഷം തോറ്റതെന്ന ചർച്ചകൾ സി.പി.എമ്മിലോ സംസ്ഥാന സെക്രട്ടേറിയറ്റിലോ നടന്നിട്ടില്ല. സി.പി.ഐക്കും അത്തരം അഭിപ്രായമില്ല. കഴിഞ്ഞദിവസം തന്നെ സന്ദർശിച്ച മുൻമന്ത്രി​ പി. പ്രസാദും ഇതേ കാര്യമാണ് പറഞ്ഞത്. തന്നെയും സമുദായത്തെയും അപകീർത്തിപ്പെടുത്താൻ ചിലർ നടത്തുന്ന ശ്രമമാണിത്.

മുഖ്യമന്ത്രി​യായി​ കോൺഗ്രസ് ഹൈക്കമാൻഡ് ആരെ തീരുമാനിച്ചാലും അത് അംഗീകരി​ക്കും. 'വേവോളം കാത്തിരുന്നു, ഇനി ആറോളം കാത്തിരിക്കാം". യു.ഡി.എഫ് സർക്കാരിന് നല്ല ഭരണം കാഴ്ചവയ്‌ക്കാൻ സാധിക്കട്ടെയെന്നും വെള്ളാപ്പള്ളി​ ആശംസിച്ചു.

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുന്നതിൽ തനിക്ക് ഒരു കുഴപ്പവുമില്ല. പത്ത് വർഷം ഭരി​ച്ച പിണറായി വിജയനെ മാദ്ധ്യമങ്ങൾ ക്രൂരമായി വേട്ടയാടി. ഇതുപോലെ മാദ്ധ്യമവേട്ട നേരിട്ട മറ്റൊരു മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തെങ്കിലും കുറ്റങ്ങൾ മാത്രമാണ് മാദ്ധ്യമങ്ങൾ പറഞ്ഞത്. അദ്ദേഹത്തെ ഈ പരുവത്തിലാക്കിയത് മാദ്ധ്യമങ്ങളാണെന്നും ഇടതുപക്ഷം തരിപ്പണമായെന്നത് താൻ അംഗീകരിക്കുന്നുവെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.