കർഷക ക്ഷേമ പദ്ധതികൾ വേഗത്തിലാകും:..... ഹിറ്റായി 'കർഷക രജിസ്ട്രി"

Monday 11 May 2026 1:28 AM IST

തിരുവനന്തപുരം: കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ കർഷക ക്ഷേമ പദ്ധതികൾ വേഗത്തിൽ കിട്ടുന്നതിനുള്ള കൃഷി വകുപ്പിന്റെ 'കർഷക രജിസ്ട്രി" ഹിറ്റാകുന്നു. കർഷകർക്കുള്ള ഒറ്റത്തവണ ആജീവനാന്ത രജിസ്‌ട്രേഷൻ സംവിധാനമാണ് കർഷക രജിസ്ട്രി.

കേന്ദ്ര അഗ്രിസ്റ്റാക്ക് ഡിജിറ്റൽ ഫൗണ്ടേഷൻ തയ്യാറാക്കുന്ന കർഷകരുടെ ഡിജിറ്റൽ രജിസ്ട്രിയിൽ (ഡാറ്റബേസ്) പതിനായിരത്തിലധികം കർഷകരാണ് രജിസ്റ്റർ ചെയ്തത്.

ആധാറിന് സമാനമായ ഡിജിറ്റൽ ഐഡന്റിറ്റിയിലൂടെ കർഷകർക്കുള്ള സേവനങ്ങൾ കാര്യക്ഷമമാക്കും. ആധാർ അധിഷ്ഠിത രജിസ്‌ട്രേഷനിലൂടെ കർഷകരുടെയും കൃഷിയിടങ്ങളുടെയും വിവരങ്ങളാണ് ശേഖരിക്കുന്നത്. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി ഗുണഭോക്താക്കൾക്കും രജിസ്റ്റർ ചെയ്യാം.

 കൃഷിഭവനിൽ സൗജന്യ രജിസ്ട്രേഷൻ

ആധാർ കാർഡ്, ഭൂനികുതി രസീത്, ആധാർ ലിങ്ക് ചെയ്ത മൊബൈൽ ഫോൺ എന്നിവയുമായി കൃഷി ഭവനിലെത്തിയാൽ സൗജന്യമായി രജിസ്റ്റർ ചെയ്യാം. കർഷകർക്ക് അഗ്രിസ്റ്റാക്ക് പോർട്ടലിൽ രജിസ്റ്റർ ചെയ്‌ത് ലോഗിൻ ചെയ്യാനും സംവിധാനമുണ്ട്. സി.എസ്.സി, അക്ഷയ കേന്ദ്രങ്ങളിലൂടെ രജിസ്‌ട്രേഷൻ സൗകര്യം വൈകാതെ ലഭ്യമാക്കും. രജിസ്ട്രേഷൻ കഴിഞ്ഞാൽ ലഭ്യമായ ഭൂ വിവരം റവന്യു വകുപ്പ് പരിശോധിക്കും. ഇതെല്ലാം അംഗീകരിക്കുന്നതോടെ കർഷക രജിസ്ട്രിയിൽ അംഗമാകും.