മുഖ്യമന്ത്രി സതീശൻ ഡൽഹിയിൽ താങ്ക്‌യൂ ഹൈക്കമാൻഡ് മോദി- സതീശൻ കൂടിക്കാഴ്ച ചൊവ്വാഴ്ച

Sunday 24 May 2026 12:57 AM IST

ന്യൂഡൽഹി: ജനവികാരത്തിന്റെ അംഗീകാരമായി മുഖ്യമന്ത്രിയായശേഷം ആദ്യമായി ഡൽഹിയിലെത്തിയ വി.ഡി. സതീശൻ ഹൈക്കമാൻഡിനെ നേരിൽക്കണ്ട് നന്ദി അറിയിച്ചു. നേതാക്കളുടെ വീട്ടിലെത്തി അനുഗ്രഹം വാങ്ങി. വെള്ളിയാഴ്ച അർദ്ധരാത്രി കേരള ഹൗസിലെത്തിയ മുഖ്യമന്ത്രി,ഇന്നലെ രാവിലെ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ വസതിയിലെത്തി കണ്ടു. തുടർന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ താമസിക്കുന്ന 10,​രാജാജി മാർഗിലെ വീട്ടിലെത്തി. പുനഃസംഘടന അടക്കമുള്ള വിഷയങ്ങൾ ച‌ർച്ച ചെയ്‌തെന്നാണ് സൂചന.

അവിടെനിന്ന് 10,ജൻപഥിലെ സോണിയാ ഗാന്ധിയുടെ വസതിയിലേക്ക്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി,വയനാട് എം.പി പ്രിയങ്കാ ഗാന്ധി എന്നിവരുമുണ്ടായിരുന്നു. പിന്തുണയ്‌ക്കും മാർഗനിർദ്ദേശങ്ങൾക്കും പ്രോത്സാഹനത്തിനും മുഖ്യമന്ത്രി നന്ദി പറഞ്ഞു. ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച. ഇതിനായി നാളെ രാത്രി വീണ്ടും ഡൽഹിയിലെത്തും. ഇന്നലെ ഉച്ചയ്‌ക്ക് 2ഓടെ വി.ഡി.സതീശൻ കേരളത്തിലേക്ക് മടങ്ങി. നിയന്ത്രണമില്ലാതെ

കൊച്ചിൻ ഹൗസ്

മുഖ്യമന്ത്രി താമസിക്കുന്ന കേരള ഹൗസ് വളപ്പിലെ കൊച്ചിൻ ഹൗസിലും ഭരണമാറ്റം പ്രകടം. മുഖ്യമന്ത്രിക്ക് വൻവരവേൽപ്പാണ് കോൺഗ്രസ്,യൂത്ത് കോൺഗ്രസ്,എൻ.എസ്.യു.ഐ പ്രവർത്തകരും ഡൽഹി മലയാളികളും ചേർന്നുനൽകിയത്. ഇന്നലെയും നൂറുകണക്കിനുപേർ അഭിനന്ദനമറിയിക്കാനെത്തി. എവിടെയും കാര്യമായ നിയന്ത്രണമില്ലായിരുന്നു. മാദ്ധ്യമപ്രവർത്തകരോട് കുശലം പറഞ്ഞ സതീശൻ,പൊരിവെയിലത്ത് ക്യാമറാമാൻ നിൽക്കുന്നതിൽ ആശങ്കപ്പെട്ടു. പ്രത്യേക ക്രമീകരണം ഒരുക്കുന്നത് ആലോചിക്കാമെന്നും പറഞ്ഞു. അതേസമയം,ഹൈക്കമാൻഡുമായുള്ള സന്ദർശനത്തെക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ല. പ്രധാനമന്ത്രിയെ കണ്ടശേഷം ഡൽഹിയിൽ വാ‌ർത്താസമ്മേളനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.