ഭൂരിപക്ഷാധിപത്യം ശക്തിപ്രാപിക്കുമ്പോൾ ജനാധിപത്യം തകരും: പ്രഭാത് പട്നായിക്

Sunday 24 May 2026 12:07 AM IST

തിരുവനന്തപുരം: ഭൂരിപക്ഷാധിപത്യം ശക്തി പ്രാപിക്കുമ്പോൾ ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും അടിസ്ഥാന മൂല്യങ്ങളെ മറികടക്കുന്ന സാഹചര്യം സൃഷ്ടിക്കാറുണ്ടെന്നും മതനിരപേക്ഷതയെ പ്രതികൂലമായി ബാധിക്കുമെന്നും പ്രശസ്ത സാമ്പത്തിക വിദഗ്ധൻ ഡോ. പ്രഭാത് പട്നായിക്. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വജ്ര ജൂബിലി സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം തിരുവനന്തപുരം എ.കെ.ജി. ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബംഗാളിൽ 27 ലക്ഷം ആളുകൾക്ക് വോട്ടവകാശം നിഷേധിക്കപ്പെട്ടത് ആശങ്കാജനകമാണെന്ന് പ്രഭാത് പട്നായിക് പറഞ്ഞു. സാമ്പത്തിക സാമൂഹിക അസമത്വം നിലനിൽക്കുന്ന സമൂഹത്തിൽ ജനാധിപത്യം ആരോഗ്യകരമായി നിലനിൽക്കാൻ പ്രയാസമാണ്. നിയോ ഫാസിസവും നിയോ ലിബറലിസവും ഒരുമിച്ചു പ്രവർത്തിക്കുമ്പോൾ ജനങ്ങളുടെ രാഷ്ട്രീയ സാമ്പത്തിക അവകാശങ്ങൾ ദുർബലമാകുമെന്നും അദ്ദേഹം പറഞ്ഞു. പല രാജ്യങ്ങളിലും നവ ഫാസിസം പടരുന്നുണ്ട്. രാജ്യം വളർച്ച നേടുന്നു എന്നു പറയുമ്പോഴും ദാരിദ്രവും അസമത്വവും വർധിക്കുന്നു. കെ.ജി.ഒ.എ സംസ്ഥാന പ്രസിഡന്റ് എം.എൻ ശരത് ചന്ദ്രലാൽ, ജനറൽ സെക്രട്ടറിയായി എം. ഷാജഹാൻ, എ.ശ്രീകുമാർ, എം.വി.ശശിധരൻ, ജി.ആർ.പ്രമോദ് എന്നിവർ സംസാരിച്ചു.