മെഡി. കോളേജ് ചികിത്സാ പിഴവിൽ അന്വേഷണം
തിരുവനന്തപുരം: മരത്തിൽ നിന്നു വീണ് പരിക്കേറ്റ 57കാരന്റെ ഇടതുകാലിലെ മുറിവിൽ തുളച്ചുകയറിയ മരക്കഷണം നീക്കാതെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുന്നലിട്ട സംഭവത്തിൽ അന്വേഷണം. മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.കിരണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. ഓർത്തോ, സർജറി, റേഡിയോളജി വിഭാഗങ്ങളിലുള്ള ഡോ.കിഷോർ,ഡോ.തോമസ്, ഡോ.ബിന്ദു എന്നിവരാണ് മറ്റ് അംഗങ്ങൾ. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം. മന്ത്രി കെ. മുരളീധരന്റെ നിർദ്ദേശപ്രകാരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലാണ് അന്വേഷണസംഘത്തെ രൂപീകരിച്ചത്.
ഭരതന്നൂർ കരിങ്കട മഹേഷ് ഭവനിൽ മധുവിനാണ് ദുരനുഭവമുണ്ടായത്. മാർച്ച് 21ന് മരത്തിൽ നിന്ന് വീണതിനെ തുടർന്നാണ് മധു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയത്. രണ്ടു മാസത്തിനു ശേഷം മുറിവിൽ നിന്ന് പഴുപ്പ് വന്നതോടെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് മരക്കഷണം കണ്ടത്. ഇവിടെ തിങ്കളാഴ്ച നടത്തിയ രണ്ടര മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിൽ മരക്കഷണം പുറത്തെടുത്തു.