ഗൺമാനടക്കം 5 പേർക്ക് സസ്പെൻഷൻ 'രക്ഷാപ്രവർത്തകർ' കടക്കുപുറത്ത്

Wednesday 27 May 2026 12:34 AM IST

തിരുവനന്തപുരം: ആലപ്പുഴയിൽ നവകേരള ബസിനുനേരെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ്, കെ.എസ്.യു നേതാക്കളെ അതിക്രൂരമായി മർദ്ദിച്ച സംഭവത്തിൽ മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അടക്കം സുരക്ഷ ഉദ്യോഗസ്ഥരായിരുന്ന അഞ്ചുപേർക്ക് സസ്പെൻഷൻ. ഗൺമാൻ സി.ഐ റാങ്കുള്ള അനിൽകുമാർ, സുരക്ഷാസേനയിലെ എസ്.സി.പി.ഒ എസ്.സന്ദീപ്, അകമ്പടി വാഹനത്തിലുണ്ടായിരുന്ന സി.പി.ഒമാരായ വിപിൻ, അരുൺ, ഷൈജു എന്നിവർക്കെതിരെയാണ് നടപടി. ഇവർക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഡി.ജി.പി ഉത്തരവിട്ടു.

കരിങ്കൊടി കാട്ടാനെത്തിയവർ ലോക്കൽ പൊലീസിന്റെ വലയത്തിലായിരിക്കെയുള്ള മർദ്ദനം ചട്ടവിരുദ്ധമാണെന്നും ക്രിമിനൽ കുറ്റമാണെന്നും ക്രൈംബ്രാഞ്ച് എസ്.പി ഷൗക്കത്തലിയുടെ അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണിത്. നേതാക്കളെ മർദ്ദിച്ചത് 'രക്ഷാപ്രവർത്തനം" ആണെന്നായിരുന്നു പിണറായി ന്യായീകരിച്ചിരുന്നത്. അതേസമയം, അനിൽകുമാറും സന്ദീപും നൽകിയ മുൻകൂർ ജാമ്യഹർ‌ജി ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ജഡ്ജി ഹണി എം.വർഗീസ് തള്ളി.

2023ഡിസംബർ15നാണ് കെ.എസ്.യു ജില്ലാ പ്രസിഡന്റായിരുന്ന എ.ഡി.തോമസ്,​ യൂത്ത്കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസ് എന്നിവരെ മർദ്ദിച്ചത്. എ.ഡി.തോമസ് ഇപ്പോൾ ആലപ്പുഴ എം.എൽ.എയാണ്. മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോയതിനു പിന്നാലെയെത്തിയ അകമ്പടി വാഹനത്തിൽനിന്ന് ഗൺമാൻ അടക്കം ചാടിയിറങ്ങി ലാത്തികൊണ്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

മർദ്ദനമേറ്റവരുടെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നില്ല. ഇവർ നൽകിയ സ്വകാര്യഅന്യായത്തിൽ കേസെടുക്കാൻ കോടതി ഉത്തരവിടുകയായിരുന്നു. തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി അന്വേഷണം അവസാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും യു.ഡി.എഫ് സർക്കാർ വന്നതോടെ അന്വേഷണത്തിനു എസ്.ഐ.ടിയെ നിയോഗിച്ചു. കേസ് ഡയറി തിരുത്തി അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചതിനു എ.ഡി.ജി.പി എം.ആർ.അജിത്കുമാറിനെതിരെ എസ്.ഐ.ടിയുടെ അന്തിമറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയുണ്ടാവും.

ക്രൂരമർദ്ദനം

ചട്ടവിരുദ്ധം

1.മുഖ്യമന്ത്രിക്കൊപ്പം സഞ്ചരിച്ച് സുരക്ഷയൊരുക്കേണ്ട ഗൺമാനാണ് പിന്നിലുള്ള കാറിൽനിന്നിറങ്ങി മർദ്ദനത്തിന് നേതൃത്വം നൽകിയത്. സന്ദീപ് ഉൾപ്പെടെ എസ്കോർട്ട് ഡ്യൂട്ടിയിലുള്ള പൊലീസുകാരും ഒപ്പംചേർന്നു.

2.സാധാരണ ഉപയോഗി‍‌‍ക്കുന്ന ലാത്തിയേക്കാൾ നീളമുള്ള ദണ്ഡാണ് മർദ്ദിക്കാൻ ഉപയോഗിച്ചത്. പൊലീസ് മാന്വലിനു വിരുദ്ധമായി ഇത് മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ കൊണ്ടുപോയി.

3.കരിങ്കൊടി കാട്ടിയവരെ ലോക്കൽ പൊലീസ് പിടിച്ചുമാറ്റി വലയം ചെയ്തിരുന്നു. ഗൺമാനടക്കം ഇടപെടേണ്ട കാര്യമുണ്ടായിരുന്നില്ല. ലാത്തിയുപയോഗിക്കാൻ ഇവർക്ക് അനുമതിയില്ലാതിരുന്നിട്ടും ഉപയോഗിച്ചു

അഞ്ചുപേർക്കും സസ്പെൻഷൻ ഉത്തരവ് കൈമാറി. ഇവർക്കെതിരെ ആലപ്പുഴയിൽ രജിസ്റ്റർ ചെയ്ത വധശ്രമക്കേസ് തുടരും

-റവാഡ ചന്ദ്രശേഖർ,

പൊലീസ് മേധാവി