പ്രണയത്തിൽ വിരിഞ്ഞ ക്രിക്കറ്റ് ബാറ്റ് സൂപ്പർ

Wednesday 27 May 2026 12:40 AM IST

തൃശൂർ: അയൽവീട്ടിലെ താരയും ക്രിക്കറ്റും ഒരുപോലെ പ്രിയമായിരുന്നു ശിവപ്രസാദിനു. 2017ൽ കേരള പൊലീസിൽ ജോലിക്കു കയറിയ ശിവപ്രസാദ് 2022ൽ താരയെ ജീവിതസഖിയാക്കി, ക്രിക്കറ്റ് പ്രിയനായ ശിവപ്രസാദ് അവൾക്കായി തുടങ്ങിയാതാണ് ബാറ്റ് നിർമ്മാണക്കമ്പനി. മുളങ്കുന്നത്തുകാവിലെ വീടിനടുത്തും തിരുവനന്തപുരത്തുമുള്ള പണിശാലകളിൽ,​ കാശ്മീരിൽ നിന്നും ഇംഗ്ലണ്ടിൽ നിന്നുമൊക്കെ വില്ലോ മരത്തടി എത്തിച്ചാണ് നിർമ്മാണം. പൊലീസിൽ നിന്ന് അവധിയെടുത്ത് ഭാര്യയ്ക്കൊപ്പം നിന്നായിരുന്നു സ്ഥാപനത്തിന്റെ വികസനം.

കൂട്ടുകാരന്റെ 'ഡിപ്പോർട്ടീവോ" എന്ന ഷോപ്പിന്റെ പേരിനൊപ്പം ശിവപ്രസാദിന്റെ 'എസ്.പി"കൂടി ചേർന്നപ്പോൾ താര ശിവപ്രസാദിന്റെ 'ഡി.എസ്.പി"ബാറ്റ് ഹിറ്റായി. യു.എസ്, ഓസ്‌ട്രേലിയ, കാനഡ, ജർമ്മനി, ന്യൂസിലൻഡ് തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് തൃശൂർ മുളങ്കുന്നത്തുകാവിലുള്ള പല്ലിക്കാട്ടിൽ വീട്ടിൽ നിന്നു ബാറ്റ് കൊറിയർ ചെയ്യുന്നുണ്ട്.

കാശ്മീരിൽ നിന്നും ഇംഗ്ലണ്ടിൽ നിന്നും വില്ലോ മരത്തടി എത്തിച്ച് വീടിനടുത്തും തിരുവനന്തപുരത്തുമുള്ള പണിശാലകളിലാണ് ബാറ്റ് നിർമ്മാണം. ഹാർഡ് ആൻഡ് സോഫ്റ്റ് ടെന്നീസ്, സ്റ്റിച്ച് തുടങ്ങിയ പന്തുകൾക്കുള്ള ഇംഗ്ലീഷ് വില്ലോ, കാശ്മീർ വില്ലോ ബാറ്റുകളാണ് ഡി.എസ്.പിയുടേത്. സന്ദീപ്, രജീഷ്, റഹിം, വിപിൻ തുടങ്ങിയ കൂട്ടുകാരും ബിസിനസിൽ സഹായത്തിനുണ്ട്. ബാറ്റ് കമ്പനിയുടെ വരുമാനം എത്രയെന്ന ചോദ്യത്തിനു ചെറുചിരിയായിരുന്നു മറുപടി.

ഡി.എസ്.പിയുടെ പെരിങ്ങണ്ടൂർ സിറ്റി

ഇൻസ്റ്റയിലും യൂട്യൂബിലുമുള്ള ഡിജിറ്റൽ മാർക്കറ്റിംഗ് ഡി.എസ്.പിയുടെ ബാറ്റ് കച്ചവടത്തിനു തുണയായെന്ന് ശിവപ്രസാദ് പറഞ്ഞു. 10 വർഷം മുൻപ് മരിച്ച കൂട്ടുകാരൻ ജിഷ്ണുപ്രസാദിന്റെ തമാശയിൽ നിന്നു പിറന്ന 'പെരിങ്ങണ്ടൂർ സിറ്റി" എന്ന പേരിലാണ് ഡിജിറ്റൽ മാർക്കറ്റിംഗ്. ഭാര്യയ്ക്കായി തുടങ്ങിവച്ച ബാറ്റ് കച്ചവടം ക്ലിക്കായതോടെ വീണ്ടും കാക്കിയണിയാനുള്ള തയ്യാറെടുപ്പിലാണ് ശിവപ്രസാദ്. മകൻ സമർത്ഥിനു ഒരു വയസ്.