എ.ഡി.എം നവീൻ ബാബുവിന്റെ മരണം ; നേരറിയാൻ സി.ബി.ഐ മന്ത്രിസഭാ യോഗം അംഗീകരിച്ച്  ശുപാർശ ചെയ്യും

Monday 01 June 2026 12:43 AM IST

തിരുവനന്തപുരം: എ.ഡി.എം നവീൻ ബാബുവിന്റെ ദുരൂഹ മരണത്തിൽ സി.ബി.ഐ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ ശുപാർശ ചെയ്യും. അടുത്ത മന്ത്രിസഭായോഗം അംഗീകരിച്ചശേഷം കേന്ദ്രത്തെ അറിയിക്കും. കേന്ദ്രപേഴ്സണൽ മന്ത്രാലയമാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.

കഴിഞ്ഞ ദിവസം നവീനിന്റെ ഭാര്യ മഞ്ജുഷ, മക്കളായ നിരഞ്ജന, നിരുപമ എന്നിവർ മുഖ്യമന്ത്രി വി.ഡി.സതീശനെ സന്ദർശിച്ച് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. മൂത്തമകൾ നിരഞ്ജനയ്ക്ക് ആശ്രിത നിയമനവും മുഖ്യമന്ത്രി ഉറപ്പുനൽകി.

സി.പി.എം നേതൃത്വം വെട്ടിലായ കേസിൽ സി.ബി.ഐ വേണ്ടെന്ന നിലപാടിലായിരുന്നു മുൻസർക്കാർ. സി.ബി.ഐയെ ഏൽപിക്കാൻ മഞ്ജുഷ ഹൈക്കോടതിയെ സമീപിച്ചെങ്കിലും എൽ.ഡി.എഫ് സർക്കാർ എതിർത്തു. 2024 ഒക്ടോബർ 15നാണ് നവീൻ ബാബുവിനെ കണ്ണൂരിലെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കണ്ണൂരിലെ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യ ഏക പ്രതിയായ കേസിൽ കുറ്റപത്രം തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കോടതി നിർദ്ദേശത്തെത്തുടർന്ന് നടത്തിയ തുടരന്വേഷണത്തിന്റെ റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസമാണ് സമർപ്പിച്ചത്.

ദിവ്യയുടെ ഫോൺവിളി

രേഖകൾ നൽകിയില്ല

പി.പി.ദിവ്യയുടെ ഫോൺവിളി രേഖകൾ പൂർണമായി റിപ്പോർട്ടിനൊപ്പം കോടതിയിൽ സമർപ്പിച്ചില്ല. ദിവ്യ ഉപയോഗിച്ച രണ്ടു ഫോണുകളുടെയും 2024 ജനുവരി 16 മുതൽ നവംബർ 15 വരെയുള്ള ഫോൺവിളി രേഖകൾ ഹാജരാക്കാനാണ് കോടതി ആവശ്യപ്പെട്ടിരുന്നത്. ഒരു ഫോണിൽ 2024 മാർച്ച് ഒന്നു മുതലുള്ളതും മറ്റൊരു ഫോണിൽ ഏപ്രിൽ ഒന്നുമുതലുള്ള ഫോൺവിളി രേഖകളാണ് കോടതിയിൽ ഹാജരാക്കിയത്. രേഖകൾ പൂർണമായും ലഭ്യമാക്കുന്നതിനെക്കുറിച്ച് കോടതി ആരാഞ്ഞു. കേസ് ഇന്ന് വീണ്ടും പരിഗണിക്കും.

സി.ബി.ഐയ്ക്ക് വിടുമെന്ന് അറിഞ്ഞത് ആശ്വാസകരം. മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും നേരിട്ടുകണ്ട് സംസാരിച്ചിരുന്നു. മരണകാരണം ഉൾപ്പെടെ ഒരുപാട് സംശയം കുടുംബം തുടക്കം മുതൽ ഉന്നയിച്ചിരുന്നു.

- മഞ്ജുഷ,

നവീൻ ബാബുവിന്റെ ഭാര്യ