ഒന്നരവയസുകാരനെ കൊന്നത് തലഭിത്തിയിലിടിച്ച്, രണ്ടാനച്ഛനെ പ്രകോപിപ്പിച്ചത് നിറുത്താതെയുള്ള കരച്ചിൽ
പ്രതിക്ക് നാട്ടുകാരുടെ മർദ്ദനം
തിരുവനന്തപുരം: നെടുമങ്ങാട് പനവൂർ കരിക്കുഴിയിൽ ഒന്നര വയസുകാരൻ അർഷിദിനെ കൊലപ്പെടുത്തിയത് തല ഭിത്തിയിൽ ഇടിപ്പിച്ചാണെന്ന് പ്രതിയായ രണ്ടാനച്ഛൻ അഷ്കർ വെളിപ്പെടുത്തി. ഭക്ഷണം നൽകുന്നതിനിടെ നിറുത്താതെ കരഞ്ഞതാണ് പ്രകോപനമായത്. തലയിൽ ആന്തരിക രക്തസ്രാവം ഉണ്ടായതാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു. മാസങ്ങളായി ക്രൂരമായ മർദ്ദനത്തിനും ക്രൂരതയ്‌ക്കും വിധേയനായിരുന്നുവെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
നെല്ലിക്കുന്ന് റേഡിയോ പാർക്കിനുസമീപം വാടകയ്‌ക്ക് താമസിക്കുന്ന അർച്ചിതം വീട്ടിൽ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ, തലയിടിപ്പിച്ച ഭിത്തിയിലെ ഭാഗം അഷ്കർ കാട്ടിക്കൊടുത്തു. സിഗരറ്റ് ലൈറ്റർ ഉപയോഗിച്ച് കുഞ്ഞിനെ പലതവണ ക്രൂരമായി പൊള്ളിച്ചതും സമ്മതിച്ചു. സിഗരറ്റ് ലൈറ്റർ വീട്ടിൽ നിന്ന് കണ്ടെടുത്തു. മർദ്ദിക്കാൻ ഉപയോഗിച്ച വടി പല കഷണങ്ങളാക്കി വലിച്ചെറിഞ്ഞിരുന്നെങ്കിലും അതും കാട്ടികൊടുത്തു. കുഞ്ഞിന്റെ വസ്ത്രങ്ങൾ കത്തിച്ച സ്ഥലവും പൊലീസ് കണ്ടെത്തി. പാതി കത്തിയ കുറിപ്പും കണ്ടെടുത്തു.
ഇന്നലെ രാവിലെ 11ഓടെയാണ് വൻ പൊലീസ് സംരക്ഷണത്തിൽ അഷ്കറിനെ തെളിവെടുപ്പിനെത്തിച്ചത്. നാട്ടുകാരുടെ രോഷം കാരണം വളരെ പണിപ്പെട്ടാണ് തെളിവെടുപ്പ് പൂർത്തീകരിച്ചത്. ഇതിനിടെ പൊലീസ് വലയം ഭേദിച്ച് നാട്ടുകാർ അഷ്കറിനെ കൈയ്യേറ്റം ചെയ്‌തു. പ്രതിഷേധം കാരണം രണ്ടാം പ്രതിയായ മാതാവ് അഖിലയുമായുള്ള തെളിവെടുപ്പ് മാറ്റേണ്ടിവന്നു.
56 മുറിവുകൾ, പാദങ്ങൾ
ക്രൂരമായി പൊള്ളിച്ചു
ഒന്നരവയസുകാരന്റെ ശരീരത്തിൽ 56 മുറിവുകൾ. നെഞ്ചിന്റെ ഭാഗത്ത് വലിയൊരു മുറിവുണ്ട്. ജനനേന്ദ്രിയത്തിലെ തൊലി രണ്ടായി കീറിയ നിലയിലായിരുന്നു. പാദങ്ങൾക്കടിയിലെ തൊലിയാകെ പൊള്ളി നിൽക്കുന്ന നിലയിലായിരുന്നു. രണ്ടു കക്ഷങ്ങൾക്കിടയിൽപോലും പൊള്ളിച്ച പാടുകൾ ഉണ്ടായിരുന്നു. പഴയ പാടുകളും ഉണ്ടായിരുന്നു.