ശബരിമലയിൽ ഹെലികോപ്‌റ്റർ താഴ്‌ത്തി പറത്തിയത് ഉന്നത ഉദ്യോഗസ്ഥന് തൊഴാൻ; അന്വേഷണ റിപ്പോർട്ട് പുറത്ത്

Monday 18 May 2026 2:20 PM IST

പത്തനംതിട്ട: കഴിഞ്ഞ മാസം 23ന് ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ താഴ്‌ന്ന് പറന്ന സംഭവത്തിൽ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് പുറത്ത്. ആകാശത്ത് നിന്ന് അയ്യപ്പെനെ തൊഴുകയെന്ന ലക്ഷ്യത്തോടെ ആയിരുന്നു ഹെലികോപ്‌റ്റർ താഴ്‌ത്തി പറത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

നെടുമ്പാശേരി വിമാനത്താവള പരിസരത്തെ കോസ്റ്റ് ഗാർഡ് എയർക്രാഫ്റ്റ് ഓപ്പറേറ്റിംഗ് യൂണിറ്റിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ് ഇതിന് നിർദേശം നൽകിയതെന്നാണ് റിപ്പോർട്ട്. ശബരിമല പോലുള്ള അതീവ സുരക്ഷാ മേഖലയ്‌ക്ക് മുകളിലൂടെ ഹെലികോപ്‌റ്റർ താഴ്‌ത്തി പറത്തിയത് വിവാദമായതോടെ ഉദ്യോഗസ്ഥനെ നെടുമ്പാശേരിയിലെ ചുമതലയിൽ നിന്ന് മാറ്റി കൊച്ചിയിലെ കോസ്റ്റ് ഗാർഡ് മേഖലാ ആസ്ഥാനത്തേക്ക് നിയമിച്ചുവെന്നാണ് വിവരം.

സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ അനുമതി ഇല്ലാതെ പറന്ന സംഭവം ഗുരുതര സുരക്ഷാലംഘനമെന്ന എഡിജിപി എസ് ശ്രീജിത്തിന്റെ റിപ്പോർട്ട് സ്‌പെഷ്യൽ കമ്മീഷണർക്ക് കൈമാറിയിരുന്നു. കൊടിമരത്തിന് തൊട്ടുമുകളിൽ വരെ ഹെലികോപ്റ്റർ പറന്നെത്തിയിരുന്നു. കാലാവസ്ഥാ പ്രശ്‌നമെന്നായിരുന്നു കോസ്റ്റ്ഗാർഡിന്റെ ആദ്യ വിശദീകരണം.

കൊടിമരത്തിന് അഞ്ചടി മുകളിലായി നാലുവട്ടം ഹെലികോപ്‌റ്റർ പതിയെ പറന്നിരുന്നു. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നവർ ശ്രീകോവിലിന്റെ ചിത്രങ്ങൾ പകർത്തിയെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. അതുകണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ ഹെലികോപ്റ്ററിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. നിലയ്‌ക്കൽ, പമ്പ, സന്നിധാനം മേഖലകളിൽ ഡ്രോണുകൾ പോലും അനുവദനീയമല്ല എന്നിരിക്കെയാണ് ഈ സംഭവം ഉണ്ടായത്.