കൊച്ചി - ലക്ഷദ്വീപ് സീപ്ലെയിൻ: ഇന്നു മുതൽ പരീക്ഷണപ്പറക്കൽ
Wednesday 13 May 2026 2:28 AM IST
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള സീപ്ലെയിൻ സർവീസിന്റെ പരീക്ഷണപ്പറക്കൽ ഇന്ന് ആരംഭിക്കും. സ്‌കൈ ഹോപ്പ് ഏവിയേഷൻ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള 20 സീറ്റർ ട്വിൻ ഓട്ടർ സീപ്ലെയിനാണ് അഗത്തി, കൽപ്പേനി, കവരത്തി, കടമത്ത്, കിൽത്താൻ ദ്വീപുകളിലേക്ക് പരീക്ഷണപ്പറക്കൽ നടത്തുക. കാലാവസ്ഥയും മറ്റ് ഘടകങ്ങളും പരിഗണിച്ച് മൂന്ന് ദിവസങ്ങളിലായി 12 പറക്കലുകളാണ് ക്രമീകരിച്ചിട്ടുള്ളത്.
ലക്ഷദ്വീപിൽ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം കൊച്ചിക്കും ദ്വീപിനുമിടയിലെ പതിവ് സർവീസിനും അടിയന്തര സേവനങ്ങൾക്കും സീപ്ലെയിൻ കണക്ടിവിറ്റി പ്രയോജനപ്പെടുത്തും. ഡയറക്ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ), ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ, എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യ, സ്‌കൈ ഹോപ്പ് ഏവിയേഷൻ എന്നിവരുടെ മേൽനോട്ടത്തിലാണ് പരീക്ഷണ പറക്കൽ.