തലസ്ഥാനത്ത് എസ്എഫ്ഐ - കെഎസ്‌യു സംഘർഷം,​ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

Monday 25 May 2026 11:06 PM IST

തിരുവനന്തപുരം: തലസ്ഥാനത്ത് കേരള യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിന് പിന്നാലെ എസ്.എഫ്.ഐ - കെ.എസ്,​യു സംഘർഷം,​ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ ആണ് ജയിച്ചത്. തുടർന്ന് എസ്.എഫ്.ഐ നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെയാണ് ആദ്യം സംഘർഷം ഉണ്ടായത്. കെ.എസ്.യു പ്രവർത്തകർ കല്ലെറിഞ്ഞഎന്നും പൊലീസ് വാഹനം ആക്രമിച്ചെന്നും എസ്.എഫ്.ഐ ആരോപിച്ചു. സ്ഥലത്തെത്തിയ പൊലീസ് പലതവണ ലാത്തി വീശി. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. എം.വി. ജയരാജൻ,​ എ.എ. റഹീം എം.പി ഉൾപ്പെടെയുള്ള സി.പി.എം പ്രവർത്തകർ സ്ഥലത്തെത്തി.

കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ ആകെയുള്ള 37 സീറ്റുകളിൽ 35 സീറ്റും നേടിയാണ് എസ്എഫ് ഐ യൂണിയൻ നിലനിർത്തിയത്.എസ്എഫ്‌ഐയുടെ ശിവ എസ് ആണ് കേരള യൂണവേഴ്സിറ്റി യൂണിയൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്. മൂന്ന് വൈസ് ചെയർപേഴ്സൺ സ്ഥാനങ്ങളിൽ ഒന്നിൽ മാത്രമാണ് കെ.എസ്,​യു ജയിച്ചത്. കെ.എസ്.യുവിന്റെ ഫാത്തിമ ഫർഹയാണ് വൈസ് ചെയർപേഴ്സൺ സ്ഥാനം നിലനിർത്തിയത്. വൈസ് ചെയർപേഴ്സൺ സ്ഥാനത്തിന് പുറമെ അക്കൗണ്ട്സ് കമ്മിറ്റി സ്ഥാനവും കെ.എസ്.യു സ്വന്തമാക്കി.