ശ്രീലങ്കയിൽ ത്രിദിന ശതാബ്ദി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം
കൊളംബോ: ശ്രീനാരായണഗുരു വേൾഡ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ശ്രീലങ്കൻ ശ്രീനാരായണഗുരു സൊസൈറ്റിയോട് സഹകരിച്ച് കൊളംബോയിൽ നടക്കുന്ന ത്രിദിനപരിപാടികൾക്ക് ഇന്ന് തുടക്കമാകും. ശ്രീനാരായണഗുരു മഹാപരിനിർവ്വാണ ശതാബ്ദിസമ്മേളനം, ഗുരുദേവൻ രണ്ടാം തവണ ശ്രീലങ്ക സന്ദർശിച്ചതിന്റെ ശതാബ്ദി ആഘോഷം, സർവ്വമതസമ്മേളന ശതാബ്ദി ആഘോഷം എന്നിവയാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഇന്ന് രാവിലെ 8ന് ശ്രീനാരായണഗുരു സൊസൈറ്റി ഗുരുമന്ദിരത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ ആചാര്യതയിൽ സമൂഹാർച്ചനയും പ്രഭാഷണങ്ങളും നടക്കും. തുടർന്ന് നടക്കുന്ന തീർത്ഥാടകയാത്രയിൽ ഗുരുദേവൻ സന്ദർശിച്ച കതിരേശൻ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ശ്രീനാരായണ ദിവ്യസത്സംഗവും ബുദ്ധക്ഷേത്രത്തിലും സിലോൺ യാത്രയിൽ വിശ്രമിച്ച സങ്കേതങ്ങളിലും സന്ദർശനവും നടത്തും. വൈകിട്ട് 6ന് ശ്രീനാരായണ ദിവ്യപ്രബോധനം. തുടർന്ന് ഗുരുദേവൻ രണ്ടാം തവണ ശ്രീലങ്ക സന്ദർശിച്ചതിന്റെ ശതാബ്‌ദി വിവരണങ്ങളും ആഗോള തലത്തിൽ ഗുരുധർമ്മ പ്രചാരണം സംബന്ധിച്ച ചർച്ചകളും നടക്കും. തുടർന്ന്, സ്വാമി സച്ചിദാനന്ദ രചിച്ച ശ്രീനാരായണഗുരു മഹാപരിനിർവ്വാണ സ്മാരകഗ്രന്ഥം ശ്രീനാരായണഗുരു വേൾഡ് കൗൺസിൽ ട്രഷറർ രാജൻസൗപർണികയ്ക്ക് നൽകി പ്രകാശനം ചെയ്യും. ശ്രീനാരായണഗുരു വേൾഡ് കൗൺസിൽ ചെയർമാൻ സുവർണകുമാർ, ജനറൽ സെക്രട്ടറി എസ്.സതീശൻ (ഡൽഹി), സംസ്ഥാന പ്രസിഡന്റ് അനിതസദാനന്ദൻ, ഡെപ്യൂട്ടി ട്രഷറർ വി.വത്സലകുമാരി തുടങ്ങിയവർ പങ്കെടുക്കും.
നാളെ രാവിലെ 10ന് ശ്രീനാരായണഗുരു മഹാപരിനിർവ്വാണ ശതാബ്ദിസമ്മേളനം സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും.
ഗുരുധർമ്മ പ്രചരണസഭ സ്ഥാപകദിനം പതാകദിനമായി ആചരിക്കും
ശിവഗിരി: ഗുരുധർമ്മ പ്രചരണസഭയുടെ സ്ഥാപകദിനമായ മേയ് 24 സഭയുടെ പതാകദിനമായി ആചരിക്കുമെന്ന് ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി അറിയിച്ചു. സംസ്ഥാന, ജില്ല, മണ്ഡലം, യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സഭാ സ്ഥാപനങ്ങളിലും ഗുരുദേവനുമായി ബന്ധപ്പെട്ട പുണ്യസ്ഥലങ്ങളിലും സഭയുടെ ലോഗോ ആലേഖനം ചെയ്ത പതാകകൾ ഉയർത്തി പ്രാർത്ഥനയ്ക്ക് ശേഷം സത്യപ്രതിജ്ഞ ചൊല്ലും.